കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം : നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്.
ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ സ്വദേശികളാണ് എന്നാണ് വിവരം. ഇന്റീരിയര്‍ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടെങ്കിലും ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.