അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ജപ്പാനിലെ ‘ജീനിയസ് ചിമ്പാന്‍സി അയി’ വിട പറഞ്ഞു

ടോക്യോ : അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് മനുഷ്യകുലത്തെ അമ്പരപ്പിച്ച ജപ്പാനിലെ ജീനിയസ് ചിമ്പാന്‍സി ‘അയി’ വിട പറഞ്ഞു. 49ാം വയസിലാണ് അയി മരണത്തിനു കീഴടങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വെള്ളിയാഴ്ചാണ് അയിയുടെ അന്ത്യം. ജാപ്പനീസ് ഭാഷയില്‍ അയി എന്ന വാക്കിന് സ്‌നേഹം എന്നാണ് അര്‍ഥം.
ഇംഗ്ലീഷ് അക്ഷരമാല ഹൃദിസ്ഥമായ, 100ലേറെ ചൈനീസ് അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു അയി. ഓര്‍മയുടെ വൈഭവങ്ങള്‍ പ്രകടിപ്പിച്ച അയിയെ പ്രൈമേറ്റുകളുടെ (മനുഷ്യനും കുരങ്ങുകളും ഉള്‍പ്പെട്ട ജീവി വര്‍ഗം) ബുദ്ധിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിരുന്നു.
അക്ഷരങ്ങള്‍ തിരിച്ചറിയുന്നതില്‍ മാത്രമായിരുന്നില്ല അയി മികവ് പ്രകടിപ്പിച്ചത്. പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള, 11 നിറങ്ങളിലുമുള്ള അറബി അക്കങ്ങളും അയി തിരിച്ചറിഞ്ഞിരുന്നുവെന്നു 2014ല്‍ പ്രൈമേറ്റോളജിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു.



