ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു
ടോക്കിയോ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിയ ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116 വയസായിരുന്നു.
മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ ആഷിയയിലുള്ള കെയര്‍ ഹോമിലാണ് അന്ത്യം. 1908 മെയ് 23നാണ് ടോമിക്കോ ഇറ്റൂക്കയുടെ ജനനം. നേന്ത്രപ്പഴവും കാല്‍പ്പിസ് എന്ന ജാപ്പനീസ് പാനീയവുമായിരുന്നു ഇഷ്ടഭക്ഷണം. 117 കാരിയായിരുന്ന മരിയ ബ്രാന്‍യാസിന്റെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് ടോമിക്കോ ഇറ്റൂക്കയെ തേടിയെത്തുന്നത്.
ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വോളിബോള്‍ കളിക്കാരിയായിരുന്നു ഇറ്റൂക്ക. പര്‍വതാരോഹക എന്ന രീതിയിലും പ്രശസ്തി നേടിയിരുന്നു. ജപ്പാനിലെ പര്‍വതമായ മൗണ്ട് ഒണ്‍ടേക്ക് രണ്ട് തവണ കയറിയിട്ടുണ്ട് ഇവര്‍.
20ാം വയസില്‍ വിവാഹിതരായ ഇറ്റൂക്കക്ക് രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്. അഞ്ച് പേരക്കുട്ടികളുമുണ്ട്. ഇറ്റൂക്ക ജനിച്ച് 16 ദിവസത്തിന് ശേഷം ജനിച്ച ബ്രസീലിയന്‍ കന്യാസ്ത്രീ ഇനാ കാനബാരോ ലൂക്കാസാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.