ലെവർകൂസൻറെ സ്വപ്ന സമാന യാത്രക്ക് അന്ത്യം, യൂറോപ്പ കിരീടം അറ്റ്ലാന്റക്ക്
ഡബ്ലിൻ : യൂറോപ്പ ലീഗ് കിരീടവുമായി സീസണിലെ സ്വപ്ന സമാന യാത്രക്ക് അന്ത്യം കുറിക്കാമെന്ന ബയേർ ലവർകൂസൻറെ സ്വപ്നങ്ങൾക്ക് വിരാമമായി. യൂറോപ്പ ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റ ജർമൻ ചാമ്പ്യന്മാരുടെ അന്ത്യംകുറിച്ചത്. യൂറോപ്പ ലീഗില്‍ അറ്റ്ലാന്‍റയുടെ ആദ്യത്തെ കിരീടനേട്ടമാണിത്. ലുക്മാന്റെ ഹാട്രിക്കിലാണ് അറ്റ്ലാന്റയുടെ വിജയം.61 വർഷക്കാലത്തിനിടയിലെ അറ്റ്‌ലാന്റയുടെ ആദ്യ കിരീടമാണിത്.
തുടർച്ചയായ 51 മത്സരങ്ങളിൽ തോൽവിയറിയാതെ കുറിച്ച ലെവർകൂസൻ സീസണിൽ ജർമൻ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ജർമൻ ലീഗിൽ റെക്കോഡിട്ടാണ് സാബി അലോൺസോയും സംഘവും ഫൈനലിന് ഇറങ്ങിയത് . ആദ്യമായി ലീഗ് നേടിയ ടീം തോൽവിയറിയാതെ 34 മത്സരങ്ങളാണ് പൂർത്തിയാക്കിയത്. 28 ജയം, ആറ് സമനില. എന്നാൽ ലെവർകൂസന്റെ പ്രതീക്ഷകളെ അറ്റ്ലാന്റ തകർത്തു. സീസണില്‍ നപ്പോളി, എഎസ് റോമ, സ്പോര്‍ട്ടിങ് സിപി, ലിവര്‍പൂള്‍ ടീമുകളെ തകര്‍ത്ത ചരിത്രവുമായെത്തിയ അറ്റ്ലാന്‍റയ്ക്കും ആദ്യ കിരീടമായിരുന്നു ലക്ഷ്യം. തുടക്കം മുതൽ അറ്റ്ലാന്റ കളിയിൽ ആധിപത്യം പുലർത്തിയിരുന്നു. 12ാം മിനിറ്റിൽ ആദ്യ ഗോളിലൂടെ ലുക്മാൻ അറ്റ്ലാന്റയ്ക്ക് ലീഡ് നൽകി. 26ാം മിനിറ്റിൽ രണ്ടാംഗോൾ. 75ാം മിനിറ്റിലെ ഹാട്രിക്കോടെ അറ്റ്ലാന്റയുടെ വിജയം പൂർണമായി. പലപ്പോഴും അവസാന നിമിഷങ്ങളിൽ തോൽവിയുടെ വക്കിൽ നിന്ന് ഉയർത്തെഴുന്നേറ്റിരുന്ന ലെവർകൂസന് ഇത്തവണ പരാജയത്തിന്റെ കയ്പ് അറിയേണ്ടി വന്നു.