തിരുവനന്തപുരം : ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം. ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേർത്തു. ബംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്.
ഡിസംബർ 30ന് പിഎസ്എൽവി സി 60 റോക്കറ്റിലാണ് സ്പെഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഉപഗ്രഹങ്ങളുടെ പേരുകള്‍. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്. ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡോക്കിങ് സാങ്കേതികവിദ്യയിൽ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കൈവരിച്ചിട്ടുള്ളത്.
കഴിഞ്ഞ 11ന് മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും മൂന്ന് മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടു വന്നു. എന്നാല്‍ ഇതൊരു ട്രെയല്‍ മാത്രമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.