ഗസ്സ സമാധാനത്തിൻറെ പാതയിലേക്ക്; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ യുദ്ധ കാബിനറ്റ്

ജറുസലേം : ഗസ്സയിൽ വെടിനിർത്തലിന് അംഗീകാരം നൽകി ഇസ്രായേൽ യുദ്ധ ക്യാബിനറ്റ്.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂറിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇസ്രയേൽ മന്ത്രിയേുടെ അനുമതി. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇന്നലെ ഉച്ചയോടെ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം അനിശ്ചിതമായി നീണ്ടു. മന്ത്രിമാർക്കിടയിലെ ഭിന്നത കാരണം പലവട്ടം മന്ത്രിസഭ യോഗംചേർന്നു. ഒടുവിൽ യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്,ട്രംപിന്റെ ഉപദേശകൻ ജറെദ് കുഷ്നർ എന്നിവർ ഇസ്രായേലിൽ നെതന്യാഹുവുമായി പ്രത്യേകം ചർച്ച നടത്തി. തുടർന്ന് മന്ത്രിസഭായോഗത്തിലും അവർ സംബന്ധിച്ചു.
വെടിനിർത്തലിൽ നിന്ന് പിന്നാക്കം പോയാലുള്ള അപകടം ഇരുവരും നെതന്യാഹുവിനെയും മന്ത്രിമാരെയും ധരിപ്പിച്ചതായാണ് റിപ്പോർട്ട്. ബന്ദികൾക്കു പകരം രണ്ടായിത്തോളം ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനെ തീവ്ര വലതുപക്ഷ മന്ത്രിമാരായ ഇതാമർബെൻ ഗവിർ, സ്മോട്രിക് എന്നിവർ രൂക്ഷമായി എതിർത്തു. ഹമാസിനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും അവർ കുറ്റപ്പെടുത്തി.
തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈജിപ്തും ഇസ്രായേലും സന്ദർശിക്കും. ഇസ്രായേൽ പാർമെന്റിനെയും ട്രംപ് അഭിസബോധനചെയ്യും. ഗസ്സയിൽ നിന്ന് ആരെയും പുറന്തള്ളില്ലെന്നും സമഗ്രവെടിനിർത്തലാണ് ലക്ഷ്യമെന്നും യു.എസ് പ്രസിഡന്റ്ഡൊണാൾഡ്ട്രംപ് പ്രതികരിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്. മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ലെന്ന റിപ്പോർട്ടുണ്ട്. വ്യവസ്ഥകൾ അട്ടിമറിക്കാൻ ഇസ്രായേലിനെ അനുവദിക്കരുതെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങൾ നടന്നു. രാത്രി നടന്ന ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടു.