അന്തർദേശീയം

ഫോൺ ചോർത്തൽ : സെർബിയയിൽ സേവനം ഭാഗികമായി അവസാനിപ്പിച്ച് ഇസ്രായേലി കമ്പനി സെല്ലെബ്രൈറ്റ്

ബെൽഗ്രേഡ് : സെർബിയയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കളെ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതായി ഇസ്രായേലി ടെക് കമ്പനിയായ സെല്ലെബ്രൈറ്റ്. രാജ്യത്തെ മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകൾ ചോർത്താൻ സർക്കാർ സെല്ലെബ്രൈറ്റ് നിർമ്മിച്ച സ്‌പൈവെയർ ഉപയോഗിച്ചുവെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി.

“അന്തിമ ഉപയോക്തൃ കരാറിൽ വിവരിച്ചിരിക്കുന്ന വ്യക്തവും വിശദവുമായ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോക്താക്കൾ ഞങ്ങളുടെ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള ആരോപണങ്ങൾ ഞങ്ങൾ ഗൗരവമായി എടുക്കുന്നു. അതിനാൽ സെർബിയയിലെ ചില ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത് നിർത്തിവെക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു,” കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ സാങ്കേതികവിദ്യ സ്പൈവെയറോ, നിരീക്ഷണ ഉപകരണമോ, ഏതെങ്കിലും തരത്തിലുള്ള ആക്രമണാത്മക സൈബർ ഉപകരണമോ അല്ലെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ വര്ഷം ഡിസംബറിലാണ് ആംനസ്റ്റി ഇന്റർനാഷണൽ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്യുന്നതിനും നിയമവിരുദ്ധമായി അവരെ നിരീക്ഷിക്കുന്നതിനും സെർബിയൻ പോലീസും രഹസ്യാന്വേഷണ ഏജൻസികളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കൊപ്പം സെല്ലെബ്രൈറ്റ് നിർമ്മിച്ച നൂതന സ്പൈവെയറും ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആംനസ്റ്റിയുടെ റിപ്പോർട്ടിനെ സെർബിയയുടെ രഹസ്യാന്വേഷണ ഏജൻസിയായ ബിഐഎ തള്ളിയിരുന്നു. സെർബിയ റിപ്പബ്ലിക്കിന്റെ നിയമങ്ങൾക്കനുസൃതമായി മാത്രമാണ് ഇസ്രായേലി കമ്പനി പ്രവർത്തിക്കുന്നതെന്നും, ആരോപണങ്ങൾ അസംബന്ധമാണെന്നും ആയിരുന്നു പ്രതികരണം. പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.

വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയെന്നും, ചില ഉപോയോക്താക്കൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതാണ് ഉചിതമെന്ന് കണ്ടെത്തിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ മേഖലയിലാണ് കമ്പനി സേവനം അവസാനിപ്പിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

2019 ല്‍ ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിൽ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button