ദുബൈ എയർഷോയിൽ ഇസ്രയേലിൽ നിന്നുള്ള കമ്പനികൾ പിന്മാറി

ദുബൈ : ഈ വർഷത്തെ ദുബൈ എയർഷോയിൽ ഇസ്രയേലിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കില്ല. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി സംഘാടകർ അറിയിച്ചു. ഈ വർഷം നവംബർ 17 മുതൽ 21 വരെ ദുബൈ വേൾഡ് സെൻട്രലിലാണ് ലോകത്തിലെ വിവിധ കമ്പനികളുടെ നേതൃത്വത്തിൽ വ്യോമയാന പ്രദർശനം നടക്കുന്നത്. അതിന് നിന്നാണ് ഇസ്രയേൽ കമ്പനികളുടെ പിന്മാറ്റം.
മുൻപ് ഇസ്രയേല്‍ മാധ്യമങ്ങൾ കമ്പനികൾ എത്തില്ല എന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ സംഘാടകർ തയ്യാറായില്ല. ഇന്ന് ദുബൈ എയർഷോയുടെ സംഘാടകർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇസ്രയേലിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിയത്.
‘അടുത്ത മാസം നടക്കുന്ന ദുബൈ എയർഷോയിൽ ഇസ്രയേലിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കില്ല’ എന്ന് മാത്രമാണ് പരിപാടിയുടെ സംഘാടകരായ ഇൻഫോർമയുടെ മാനേജിംഗ് ഡയറക്ടർ തിമോത്തി ഹവെസ് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനും അധികൃതർ തയ്യാറായില്ല.
പലസ്തീനെതിരെ നടത്തുന്ന യുദ്ധം രണ്ട് വർഷം പിന്നിടുന്ന സമയത്താണ് ഇസ്രയേലിന്റെ ഈ പിന്മാറ്റം. കഴിഞ്ഞ മാസം ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
ഇതിൽ വലിയ പ്രതിഷേധമാണ് ഗൾഫ് രാജ്യങ്ങൾ ഉയർത്തിയത്. ഇതിന് പിന്നാലെ വിഷയത്തിൽ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നു.