ഫലസ്തീൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം; 13 മരണം

ബെയ്റൂത്ത് : ലബനാനിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ലബനീസ് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്താണ് ഇക്കാര്യം അറിയിച്ചത്. ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ലബനാൻ അറിയിച്ചു.
ഇൻ എൽ ഹിലവേയിലെ പള്ളിക്ക് പുറത്ത് നിർത്തിയിരുന്ന ഒരു കാറിന് മുകളിലേക്കാണ് ഡ്രോൺ പതിച്ചത്. തീരനഗരമായ സിഡോണിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്ന് ലബനീസ് ദേശീയ മാധ്യമമായ നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ഇപ്പോഴും സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.
എന്നാൽ, അഭയാർഥി ക്യാമ്പിൽ ഹമാസ് അംഗങ്ങൾക്ക് പരിശീലനം നൽകുകയാണെന്ന് ഇസ്രായേൽ ആരോപിച്ചു. വടക്കൻ അതിർത്തിയിലെ ഒരു ഭീഷണിയും വെച്ചുപൊറുപ്പിക്കില്ലെന്ന് ഇസ്രായേൽ സൈന്യത്തിലെ അറബിക് വക്താവ് അവിചേ ആഡ്രി പറഞ്ഞു. ഹമാസിനെതിരെ ലബനാനിൽ നടത്തുന്ന ആക്രമണം തുടരുമെന്നും ഇസ്രായേൽ അറിയിച്ചു.
അതേസമയം, ഇസ്രായേൽ ആരോപണങ്ങൾ തള്ളി ഹമാസ് രംഗത്തെത്തി. ലബനാനിലെ അഭയാർഥി ക്യാമ്പുകളിൽ തങ്ങൾക്ക് പരിശീലന സൗകര്യങ്ങൾ ഇല്ലെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ലബനാൻ നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്രായേൽ ഹമാസിനെതിരെ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 69,483 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 170,706 പേർക്കാണ് പരിക്കേറ്റത്.



