സനായില്‍ ഇസ്രയേല്‍ വ്യോമാക്രമണം

സനാ : യമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇസ്രയേലിന്റെ തെക്കന്‍ റിസോര്‍ട്ട് നഗരമായ ഐലാറ്റില്‍ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി 22 പേരെ പരിക്കേല്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം. ആളപായം വ്യക്തമല്ല.
വ്യാഴം ഉച്ചയ്ക്കുശേഷം സനായില്‍ 13 തവണയോളം ഇസ്രയേല്‍ ആക്രമണം നടത്തിയതായി അല്‍ മാസിറ ടിവി റിപ്പോര്‍ട്ട് ചെയ്തു. സനായിലെ സബീന്‍ സ്ക്വയര്‍, സമീപ പ്രദേശമായ ബാബ് അല്‍ യമന്‍ എന്നിവടങ്ങളിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 11 ലധികം മിസൈല്‍ ആക്രമണങ്ങളാണ് നടന്നതെന്ന് അല്‍ അറബിയ, അല്‍ ഹദത്ത് ടെലിവിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം ഹൂതി സര്‍ക്കാരിലെ മന്ത്രിമാര്‍ കൊല്ലപ്പെട്ട അതേ സ്ഥലത്തുതന്നെ രണ്ട് മിസൈലുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയുടെ പ്രസംഗം സബീന്‍ സ്ക്വയറില്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് സനായില്‍ ഇസ്രയേല്‍ ആക്രമണം നടന്നത്. ഹൂതി ജനറല്‍ സ്റ്റാഫ് ആസ്ഥാനം, സുരക്ഷാ, ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍, ആയുധശേഖരങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് നിരവധി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ബുധൻ വൈകിട്ടാണ് ഇസ്രയേലിനെ നടുക്കി ഐലാറ്റില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. ഡ്രോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുവരെ ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.