അന്തർദേശീയം

ഗസ്സയിൽ തൽക്കാലിക വെടിനിർത്തൽ നിർദേശവുമായി ഇസ്രായേൽ

ജറുസലേം : മധ്യസ്ഥർക്ക് മുമ്പാകെ പുതിയ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാത്ത രീതിയിലുള്ള നിർദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതി​ന് പകരമായി താൽക്കാലികമായി വെടിനിർത്തലാകാമെന്നാണ് ഇസ്രായേൽ നിർദേശം. പുതിയ നിർദേശം ഈജിപ്തുമായി ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഭ്യന്തര സുരക്ഷാ സംവിധാനമായ ഷിൻബെതിന്റെ തലവൻ റൊനേൻ ബാറിനെ കെയ്റോയിലേക്ക് അയച്ചിട്ടുണ്ട്. നിർദേശങ്ങൾ അദ്ദേഹം ഈജിപ്ത് ജനറൽ ഇന്റലിജൻസ് സർവീസ് തവലൻ ഹസ്സൻ മഹ്മൂദുമായി പങ്കുവെച്ചതായാണ് വിവരം.

അതേസമയം, ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ടിനെക്കുറിച്ച് ഈജിപ്തോ ഹമാസോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ നേരത്തേ പരാജയപ്പെടുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കില്ലെന്ന നെതന്യാഹുവിന്റെ കടുംപിടിത്തമാണ് ഇതിന് കാരണമെന്ന് മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്.

വെടിനിർത്തൽ ചർച്ചകൾക്കായി യുഎസ് ​സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വീണ്ടും ഇസ്രായേലി​ലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അദ്ദേഹം തെൽ അവീവിലെത്തിയത്. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ തീവ്രത കുറക്കുകയെന്ന ലക്ഷ്യവും അദ്ദേഹത്തിന്റെ യാത്രക്കുണ്ട്. ഹമാസ് തലവൻ യഹ്‍യ സിൻവാറിന്റെ മരണത്തിന് ശേഷമാണ് വീണ്ടും ചർച്ചകൾക്കായി ബിങ്കൻ വരുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഇസ്ഹാഖ് ഹെർസോഗ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്രായേലിലെ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഈജിപ്ത്, ഖത്തർ എന്നിവിടങ്ങളിലേക്കും പറക്കും. അതേസമയം, ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തിയ ചൊവ്വാഴ്ച വലിയ രീതിയിലുള്ള ആക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഇതേതുടർന്ന് തെൽ അവീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

2023 ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 11 തവണയാണ് ആന്റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിച്ചിട്ടുള്ളത്. ബ്ലിങ്കനെ കൂടാതെ ലെബനാനിലെ അമേരിക്കയുടെ പ്രത്യേക ദൂതൻ അമോസ് ഹോഷ്സ്റ്റീൻ ബെയ്റൂത്തിലെത്തിയിട്ടുണ്ട്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ നയിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വെടിനിർത്തൽ ചർച്ചകൾക്കായുള്ള ഇസ്രായേലിന്റെ ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് കഴിഞ്ഞയാഴ്ച അമേരിക്കക്ക് കൈമാറിയിരുന്നു. 2006ലെ രണ്ടാം ലെബനാൻ യുദ്ധം അവസാനിപ്പിച്ച യുഎൻ സുരക്ഷാ കൗൺസിലിന്റെ 1701 പ്രമേയത്തിലുള്ളതിനേക്കാൾ കാർക്കശ്യമായ നിബന്ധനകളാണ് പുതിയ റിപ്പോർട്ടിൽ ഇസ്രായേൽ വെച്ചിട്ടുള്ളത്. ലെബനാനിൽ പ്രവർത്തന സ്വാതന്ത്ര്യം നിലനിർത്തുക, ഹിസ്ബുല്ലയുടെ ആയുധക്കടത്ത് തടയുക എന്നീ ആവശ്യങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ നിർദേശങ്ങളെ ഹോഷ്സ്റ്റീൻ പിന്തുണച്ചിട്ടില്ല.

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ലെബനാനിലും യുദ്ധം അവസാനിക്കുമെന്നാണ് അമേരിക്കൻ അധികൃതർ വിശ്വസിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും നെതന്യാഹുവിനെയും ഹമാസ് നേതൃത്വത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് ഏറ്റവും വലിയ കടമ്പയെന്നും ഇവർ കരുതുന്നു. യഹ്‍യ സിൻവാറിന്റെ മരണത്തോടെ ആരായിരിക്കും കരാറിൽ ഹമാസിനായി നിർണായക തീരുമാനമെടുക്കുക എന്ന കാ​ര്യത്തിലും വ്യക്തത ആവശ്യമാണ്.

അതേസമയം, യഹ്‍യ സിൻവാറിന്റെ മരണം വെടിനിർത്തൽ ചർച്ചകൾ ആരംഭിക്കാനുള്ള അവസരമായി കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാ​ക്രോൺ ഇസ്രായേലി പ്രധാനമന്ത്രി ​നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ലെബനാനിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കണമെന്നും വെടിനിർത്തൽ ചർച്ചയിൽ ഇവരുടെ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുഎൻ സമാധാന ദൗത്യമായ യുനിഫിലിന് നേരെയുള്ള ആക്രമണത്തെ മാ​ക്രോൺ അപലപിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button