അന്തർദേശീയം

ഹിസ്ബുള്ള കേന്ദ്രങ്ങളിലെ സ്ഫോടനം ഇസ്രായേൽ അട്ടിമറി : യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ

ബെയ്‌റൂട്ട് : ലെബനനെ നടുക്കിയ സ്‌ഫോടന പരമ്പരയ്ക്കിടയാക്കിയ പേജറുകള്‍ വാങ്ങിയത് തായ്‌വാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. തായ് വാന്‍ കമ്പനി അയച്ച പേജറുകളില്‍, ലെബനനിലെ തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയ്ക്ക് നേരെയുള്ള ആക്രമണത്തിനായി ഇസ്രയേല്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുകയായിരുന്നു എന്നാണ് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. പേജറുകളുടെ ബാറ്ററികള്‍ക്ക് സമീപം ഒന്നു മുതല്‍ രണ്ട് ഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുവെന്നാണ് നിഗമനം. എന്നാല്‍ പേജറുകള്‍ തങ്ങളുടേതല്ലെന്ന് തായ്‌വാന്‍ കമ്പനി വ്യക്തമാക്കി.

എആര്‍ 924 മോഡല്‍, കൂടാതെ മറ്റ് മൂന്നു മോഡലുകള്‍ കൂടിയാണ് തയ് വാനിലെ ഗോള്‍ഡ് അപ്പോളോ കമ്പനി ലെബനനിലേക്ക് അയച്ചത്. ഈ പേജറുകള്‍ ലെബനനില്‍ എത്തുന്നതിന് മുമ്പാണ് അട്ടിമറി ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സ്‌ഫോടനം വിദൂരത്തിരുന്ന് നിയന്ത്രിക്കാനായി സ്വിച്ചും ഇതില്‍ ഘടിപ്പിച്ചിരുന്നു. പ്രാദേശിക സമയം വൈകീട്ട് 3.30 ഓടെ പേജറുകളില്‍ ഹിസ്ബുല്ല നേതൃത്വത്തിന്റേതെന്ന തരത്തില്‍ സന്ദേശം വന്നു. തുടര്‍ന്ന് സ്‌ഫോടനമുണ്ടാകുകയായിരുന്നു.

പൊട്ടിത്തെറിക്കുന്നതിനു മുമ്പ് പേജറുകള്‍ ഏതാനും സെക്കന്റ് നേരം ബീപ് ശബ്ദമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്‌ഫോടനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 4000 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. ഏതാനും മാസം മുമ്പാണ് ഹിസ്ബുല്ല ഗോള്‍ഡ് അപ്പോളോ കമ്പനിക്ക് 5000 പേജറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നത്. സംഘടനയിലെ അംഗങ്ങള്‍ സെല്‍ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഹിസ്ബുല്ല നേതാവ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്നത് പരിഗണിച്ചായിരുന്നു മുന്നറിയിപ്പ്. കടയിലും റോഡിലും ആശുപത്രിയിലും നില്‍ക്കുന്നവരുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പേജര്‍ പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പേജര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വയര്‍ലെസ് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്നും, കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിഷേധിച്ച് തായ്‌വാന്‍ കമ്പനി

അതേസമയം സ്‌ഫോടനമുണ്ടായ പേജറുകള്‍ തങ്ങള്‍ നിര്‍മ്മിച്ചതല്ലെന്ന് വ്യക്തമാക്കി തായ് വാന്‍ കമ്പനി ഗോള്‍ഡ് അപ്പോളോ രംഗത്തെത്തിയിട്ടുണ്ട്. ബിഎസി എന്ന കമ്പനിയാണ് എആര്‍ 924 മോഡല്‍ പേജര്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതെന്ന് ഗോള്‍ഡ് അപ്പോളോ കമ്പനി സ്ഥാപകനും പ്രസിഡന്റുമായ ഹു ചിങ് ക്വാങ് റോയിട്ടറിനോട് പറഞ്ഞു. യൂറോപ്യന്‍ ഡിസ്ട്രിബ്യൂട്ടറുമായി തായ്‌വാന്‍ കമ്പനിക്ക് കരാറുണ്ട്. അവര്‍ക്ക് ഗോള്‍ഡ് അപ്പോളോയുടെ ബ്രാന്‍ഡ് ട്രേഡ്മാര്‍ക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളതായും അദ്ദേഹം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button