അന്തർദേശീയം

ഗസ്സയിലെ പ്രത്യേക കാൻസർ ആശുപത്രിയും ഇസ്രായേൽ സേന തകർത്തു

ഗസ്സാ സിറ്റി : ​ഗസ്സയിൽ അവശേഷിക്കുന്ന പ്രത്യേക കാൻസർ ആശുപത്രിയും ഇസ്രായേൽ സേന തകർത്തു. തുർക്കിഷ്- ഫലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലാണ് ഇസ്രായേൽ സേന തകർത്തത്. ഇസ്രായേൽ നടപടി ഹീനമായ കുറ്റകൃത്യമാണെന്ന് ​ഗസ്സ ആരോ​ഗ്യമന്ത്രാലയം പ്രതികരിച്ചു. നെറ്റ്സരിം ഇടനാഴിക്കു സമീപമാണ് കാൻസർ രോഗികൾക്കുള്ള ഏക പ്രത്യേക ആശുപത്രിയായ തുർക്കിഷ്- ഫലസ്തീൻ ഫ്രണ്ട്ഷിപ്പ് ആശുപത്രി.

ഇടനാഴി വികസിപ്പിക്കാനും കൂടുതൽ ബഫർ സോൺ സൃഷ്ടിക്കാനുമുള്ള ഇസ്രായേൽ സൈന്യത്തിന്റെ ശ്രമത്തിന്റെ ഭാ​ഗമാണിതെന്നാണ് റിപ്പോർട്ടുകൾ. ​ഗസ്സയിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും പൊതു സംവിധാനങ്ങൾക്കും ബോംബാംക്രമണങ്ങളിൽ നിന്ന് രക്ഷ തേടി ആളുകൾ കഴിയുന്ന താത്ക്കാലിക ഷെൽട്ടറുകൾക്കും നേരെ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. യുദ്ധത്തിന്റെ തുടക്കം മുതലാരംഭിച്ച ഇടനാഴി വികസിപ്പിക്കൽ നീക്കത്തിന്റെ ഭാ​ഗമായി കൂടുതൽ താമസ കെട്ടിടങ്ങൾ നശിപ്പിക്കുകയും പ്രദേശത്തെ കൂടുതൽ കൃഷിഭൂമികൾ ബുൾഡോസർ ഉപയോഗിച്ച് നിരത്തുകയും ചെയ്തു.

ഇതിനിടെ, കരയാക്രമണത്തിന്റെ മറവിൽ ഗസ്സയുടെയും വെസ്റ്റ് ബാങ്കിന്റേയും കൂടുതൽ ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവും ഇസ്രായേൽ നടത്തുന്നുണ്ട്. ബന്ദികളെ കൈമാറാൻ ഹമാസ്​ തയാറായില്ലെങ്കിൽ ഗസ്സയിൽ ആക്രമണം നടത്തി കൂടുതൽ പ്രദേശങ്ങൾ ഇസ്രായേലിന്‍റെ ഭാഗമാക്കി മാറ്റുമെന്നാണ്​ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സിന്റെ ഭീഷണി. കടുംപിടിത്തം തുടർന്നാൽ ഗസ്സയ്ക്ക്​ കൂടുതൽ പ്രദേശങ്ങൾ നഷ്​ടപ്പെടുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ദക്ഷിണ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. സലാഹുദ്ദീൻ, കറാമ, അൽഔദ എന്നിവിടങ്ങളിൽ നിന്ന്​ ഒഴിഞ്ഞുപോകാനാണ് നിർദേശം. പ്രദേശങ്ങളിലേക്ക്​ കരയുദ്ധം വിപുലപ്പെടുത്താനാണ്​ ഇസ്രായേൽ നീക്കം. എന്നാൽ ഗസ്സയുടെയും വെസ്റ്റ്​ ബാങ്കിന്‍റേയും പ്രദേശങ്ങൾ ഇസ്രായേലിന്‍റെ ഭാഗമാക്കി മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന്​ ഫ്രഞ്ച്​ വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ട്​ പറഞ്ഞു. ഇതിനിടെ, ദക്ഷിണ ഗസ്സയിലെ ഹമാസ്​ സൈനിക വിഭാഗം ഇന്‍റലിജൻസ്​ മേധാവിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അറിയിച്ചു.

ഇന്നലെ ഗസ്സ സിറ്റിയിൽ വീടിനു മേൽ ബോംബിട്ട് അഞ്ച് പേരെ ഇസ്രായേൽ കൊലപ്പെടുത്തി. തെക്കൻ ഗസ്സയിലെ റഫയിലും മധ്യ ഗസ്സയിലെ നെറ്റ്സരിമിലും ഷെല്ലാക്രമണവും ദേർ അൽ ബലാഗിൽ വ്യോമാക്രമണമുണ്ടായി. രണ്ട് മാസം നീണ്ടുനിന്ന വെടിനിർത്തൽ മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് ഇസ്രായേൽ പുനരാരംഭിച്ച കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരിൽ 200ലേറെ പേരും കുട്ടികളാണ്. 110 സ്ത്രീകളും കൊല്ലപ്പെട്ടു. നാലു ദിവസമായി തുടരുന്ന ഇസ്രായേൽ കൂട്ടക്കുരുതിയിൽ ഇതിനോടകം 600ലേറെ പേരാണ് കൊല്ലപ്പെട്ടത്. 110 പേ​രാ​ണ് കഴിഞ്ഞദിവസത്തെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മാത്രം കൊല്ലപ്പെട്ടത്.

അതേസമയം, യെമനിലെ ഹൂതി വിമതരുടെ മിസൈൽ ആക്രമണ ഭീഷണി ഇസ്രായേലിന്‍റെ ഉറക്കം കെടുത്തി. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രായേലിനു നേർക്ക്​ ഹൂതി മസൈൽ ആക്രമണം നടന്നു. തെൽ അവീവ്​, ജറൂസലം ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. തെൽ അവീവിൽ ബെൻഗുരിയോൺ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മണിക്കൂറുകൾ നിർത്തിവച്ചു.

ഹൂതികളെ നേരിടാൻ കാൾ വിൽസൺ എന്ന മറ്റൊരു യുദ്ധക്കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക്​ അയക്കാൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ തീരുമാനിച്ചു. ഇതിനിടെ, ഇസ്രായേൽ ആഭ്യന്തര അന്വേഷണ വിഭാഗമായ ഷിൻ ബെത് തലവനെ പുറത്താക്കിയ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ തീരുമാനം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. ഇന്റലിജൻസ്- സുരക്ഷാ ഏജൻസി തലവൻ റോനൻ ബാറിനെയാണ് നെതന്യാഹുവിന്റെ നിർദേശപ്രകാരം പുറത്താക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അം​ഗീകാരം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button