ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം

ബെയ്റൂട്ട് : ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം. ഹിസ്ബുല്ലയെ നിരായുധീകരിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ശക്തമാർന്ന ബോംബാക്രമണം നടന്നത്. ഹിസ്ബുല്ലയിലെ അംഗങ്ങൾക്ക് പരിശീലനം നടത്താൻ സംഘം ഉപയോഗിച്ചിരുന്ന സൈനിക കോമ്പൗണ്ടിലെ അടിസ്ഥാന സൗകര്യങ്ങളും ലോഞ്ചിംഗ് സൈറ്റുകളുമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തെക്ക് റിഹാൻ പർവത മേഖലയിൽ നിന്ന് തുടങ്ങി സിറിയയുടെ അതിർത്തിയിലുള്ള വടക്കുകിഴക്കൻ ഹെർമൽ മേഖല വരെയാണ് വ്യോമാക്രമണങ്ങൾ നടന്നതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഈ മാസാവസാനമാണ് അതിർത്തിയിൽനിന്നു ഹിസ്ബുല്ല പിന്മാറേണ്ടത്. വെടിനിർത്തൽ നിരീക്ഷിക്കുന്ന അവലോകനസമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. അതിനിടെ, വെടിനിർത്തലിൽ മധ്യസ്ഥരായ ഫ്രാൻസ്, സൗദി, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ലബനൻ സേനാ മേധാവിയുമായി പാരിസിൽ ചർച്ച നടത്തി. ഹിസ്ബുല്ലയുടെ നിരായുധീകരണം വേഗത്തിലാക്കാനുള്ള നടപടികളുടെ അന്തിമ രൂപരേഖ തയാറാക്കാനായിരുന്നു ചർച്ച.



