വാട്സ് ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും വിലക്ക് പിന്‍വലിച്ച് ഇറാന്
ടെഹ്റാന് : വാട്സ് ആപ്പിനും ഗൂഗിള്‍ പ്ലേ സ്റ്റോറിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന് പിന്‍വലിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ട നിരോധനമാണ് ഇറാന് ഔദ്യോഗികമായി നീക്കിയത്. ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്നാണ്, തീരുമാനത്തെ ഇറാന് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് മന്ത്രി സത്താര്‍ ഹാഷ്മി വിശേഷിപ്പിച്ചത്.
പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വാട്സ് ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ തുടങ്ങിയ ആഗോള സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനൊപ്പം പ്രാദേശിക പ്ലാറ്റ്ഫോമുകളുടെ വികസനത്തിനും ഉപയോഗത്തിനും മുന്‍ഗണന നല്കുന്ന സമീപനം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മസൂദ് പെസെഷ്കിയാന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ എടുത്തു കളയുക എന്നത്. കര്‍ശനമായ വസ്ത്രധാരണ രീതികള്‍ ലംഘിച്ചു എന്നാരോപിച്ച് സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ മരണത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് 2022 ല്‍ വാട്ട്സ്ആപ്പിനും ഗൂഗിള്‍ പ്ലേയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.