ഐആർജിസി ഇന്റലിജൻസ് തലവനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ; സ്ഥിരീകരിച്ച് ഇറാൻ

ടെഹ്‌റാൻ : റെവല്യൂഷണറി ഗാർഡ്‌സിന്റെ ഇന്റലിജൻസ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ. ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ)യുടെ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമിയാണ് കൊല്ലപ്പെട്ടത്. ജനറൽ മജീദ് ഖദേമിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഖദേമിയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ ജനറൽ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഖദേമി ഇന്റലിജൻസ് തലവനാകുന്നത്.
അഞ്ചു പതിറ്റാണ്ടോളം ഇറാൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഓഫീസറാണ് മേജർ ജനറൽ മജീദ് ഖദേമി. വിദേശ ശക്തികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ അദ്ദേഹം നിർണായക പങ്ക് വഹിച്ചതായും, ഖദേമിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ അഭിപ്രായപ്പെട്ടു.
ഇറാൻ ഇന്റലിജൻസ് മേധാവിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സാണ് വ്യക്തമാക്കിയത്. റവല്യൂഷണറി ഗാർഡ് സിവിലിയന്മാർക്ക് നേരെ വെടിയുതിർക്കുകയാണ്. ഇറാൻ സൈന്യത്തിന്റെ മേതാക്കളെ ഒന്നൊന്നായി വേട്ടയാടുന്നത് തുടരും. കാറ്റ്‌സ് പറഞ്ഞു. ഇറാന്റെ സ്റ്റീൽ, പെട്രോകെമിക്കൽ വ്യവസായങ്ങളെയും ഇസ്രയേൽ നശിപ്പിച്ചുവെന്ന് കാറ്റ്‌സ് കൂട്ടിച്ചേർത്തു.



