
തിരുവനന്തപുരം : ആരോഗ്യപ്പച്ചയെ ലോകത്തെ പരിചയപ്പെടുത്തിയ കുട്ടിമാത്തന് കാണി അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരം കോട്ടൂര്‍ ഉള്‍വനത്തിലായിരുന്നു താമസം. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
അഗസ്ത്യമലയുടെ താഴ്വാരത്തുള്ള കാണിക്കാര്‍ എന്ന ആദിവാസി സമൂഹത്തിന്റെ സഹായത്തോടെയാണ് 1987ല്‍ ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവന്‍കൂറിക്കസ്) അത്ഭുത സസ്യത്തിന്റെ ഔഷധഗുണം ഗവേഷകര്‍ കണ്ടെത്തിയത്. കോട്ടൂര്‍ ചോനാംപാറ വനമേഖലയിലെ കുട്ടി മാത്തന് കാണിയും മല്ലന് കാണിയുമാണ് ചാത്തന് കളഞ്ഞയെന്ന് വിളിച്ചിരുന്ന ചെടിയെ ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത്. അഗസ്ത്യാര്‍കൂട മലനിരയിലെ ഈ ആരോഗ്യപ്പച്ചയ്ക്ക് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനാകൂമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തി.
മിറക്കിള്‍ ഹെര്‍ബ്ബ് (അത്ഭുതസസ്യം) എന്ന പ്രൈംസ്റ്റോറി നല്കിയ ‘ടൈം മാഗസി’ന്റെ കവര്‍ പേജില്‍ പോലും നിറഞ്ഞുനിന്ന കുട്ടിമാത്തന് കാണി ആദിവാസികളില്‍ നിന്ന് ആദ്യമായി ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്തയാള്‍ കൂടിയാണ്.