അന്തർദേശീയം
അഗ്നി–4 മിസൈൽ വിക്ഷേപണം വിജയം; 4000 കി.മീ പരിധി, അണ്വായുധ പോർമുന വഹിക്കും
ന്യൂഡൽഹി∙ അണ്വായുധ പോർമുന വഹിക്കാവുന്നതും 4000 കിലോമീറ്റർ പരിധിയുള്ളതുമായ അഗ്നി–4 ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം വിജയം. ഒഡിഷ തീരത്തോടു ചേർന്നുകിടക്കുന്ന ഡോ.അബ്ദുൽകലാം ദ്വീപിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് 7.30നായിരുന്നു വിക്ഷേപണം. പതിവ് പരിശോധനകളുടെ ഭാഗമായാണ് വിക്ഷേപണം നടത്തിയത്.
സ്വയം ഗതി നിർണയിക്കാവുന്നതും കൃത്യതയോടെ ലക്ഷ്യം ഭേദിക്കാവുന്നതുമായ അതിസങ്കീർണ, അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതല–ഭൂതല മിസൈലാണ് അഗ്നി–4. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽ കരസേനയുടെ കീഴിലുള്ള തന്ത്രപ്രധാന സേനാ കമാൻഡ് ആണ് പരീക്ഷിച്ചത്.