പുത്തിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാമം; റീൽസ് ദൈര്‍ഘ്യം ഇനി 3 മിനിറ്റ്
പ്രമുഖ ഫോട്ടോ-വീഡിയോ ഷെയറിംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. ഇതിനോടൊപ്പം മറ്റു ചില അപ്ഡേറ്റുകളും ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽ വീഡിയോകളുടെ ദൈർഘ്യം 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ് ഉയർത്തിയിരിക്കുന്നത്.
ഉപയോക്താക്കളുടെ അഭ്യർഥന മാനിച്ച് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ ഇൻസ്റ്റഗ്രാം തീരുമാനിക്കുകയായിരുന്നു എന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിലും പുതിയ മാറ്റങ്ങൾ ഇൻസ്റ്റഗ്രാം വരുത്തിയിട്ടുണ്ട്.
യുഎസില്‍ ടിക്ടോക് നിരോധനം വരുന്നതിന് തൊട്ടുമുമ്പാണ് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ടിക് ടോകിൽ 60 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ അപ്ലോഡ് ചെയ്യാൻ സാധിക്കും. അതിനാൽ ഈ പുതിയ അപ്ഡേറ്റ് വന്നതുകൊണ്ട് ഇന്‍സ്റ്റഗ്രാം ടിക് ടോക്കിന് കാര്യമായ ഭീഷണി ഉയർത്തുന്നില്ല.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ സുരക്ഷാ കാരണം പറഞ്ഞാണ് ടിക്ടോക്കിനെ രാജ്യത്ത് നിരോധിക്കാന്‍ ജോ ബൈഡന് സർക്കാർ തീരുമാനിച്ചത്. എന്നാൽ യുഎസില്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരാനിരുന്ന ടിക്ടോക് നിരോധനം സ്ഥാനമേറ്റയുടന്‍ മരവിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം ഒഴിവാകുന്നതോടെ ടിക്ടോക്കിന്റെ അമേരിക്കന്‍ ബിസിനസ് ഏതെങ്കിലും യുഎസ് കമ്പനി ഏറ്റെടുക്കാന്‍ സാധ്യതയൊരുങ്ങുകയാണ്. നിരോധനം നീക്കുന്നതിന് ട്രംപിന് ടിക്ടോക് നന്ദിയറിയിച്ചിട്ടുമുണ്ട്.