നോര്‍സ് അറ്റ്‌ലാന്റിക് എയര്‍വേയ്‌സുമായി ചേർന്ന് മാഞ്ചസ്റ്റര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

മുംബൈ: പ്രവാസി യാത്രക്കാര്‍ക്കായി പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ. അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെയിലേക്കാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസ് മുംബൈയില്‍ നിന്ന് യുകെ നഗരമായ മാഞ്ചസ്റ്ററിലേക്കാണ് പറക്കുക. ബോയിങ് 787-9 ഡ്രീംലൈനര്‍ ഉപയോഗിച്ചാവും ഇന്‍ഡിഗോ മാഞ്ചസ്റ്റര്‍ സര്‍വീസ് നടത്തുക.
നോര്‍സ് അറ്റ്‌ലാന്റിക് എയര്‍വേയ്‌സുമായി സഹകരിച്ചാണ് സര്‍വീസ്. പുതിയ മേഖലകളിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. 56 ഇന്‍ഡിഗോ സ്‌ട്രെച്ച് സീറ്റുകളും 283 ഇക്കോണമി സീറ്റുകളുമാണ് വിമാനത്തിലുണ്ടാവുക. ഭക്ഷണവൂം ടിക്കറ്റ് ചാര്‍ജില്‍ ഉള്‍പ്പെടും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആയിരിക്കും ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് സര്‍വീസ് നടത്തുക.
പുലര്‍ച്ചെ 4.25ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യുകെ സമയം 10.05ന് മാഞ്ചസ്റ്ററില്‍ എത്തിച്ചേരും. ബുധന്‍, വെള്ളി , ഞായര്‍ ദിവസങ്ങളില്‍ 12.05ന് മാഞ്ചസ്റ്ററില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 1.55ന് മുംബൈയില്‍ എത്തിച്ചേരും. ബിസിനസ് പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് സര്‍വീസ് ഗുണകരമാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്‍ഡിഗോ വക്താക്കള്‍ അറിയിച്ചു. നോര്‍സ് അറ്റ്‌ലാന്റിക്കില്‍ നിന്നും ലീസിനെടുത്ത വിമാനം ഉപയോഗിച്ചാവും ഇന്‍ഡിഗോ സര്‍വീസ് നടത്തുക.