സര്‍വീസ് റദ്ദാക്കൽ നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് ട്രാവല്‍ വൗച്ചറും നല്‍ക്കും : ഇന്‍ഡിഗോ

ന്യൂഡല്‍ഹി : സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ തടസമുണ്ടായവര്‍ക്കായിരിക്കും 10,000 രൂപയുടെ വൗച്ചറുകള്‍ അനുവദിക്കുക.അടുത്ത 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഈ വൗച്ചര്‍ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
വ്യോമയാന മന്ത്രാലയ ചട്ടമനുസരിച്ചുള്ള നഷ്ടപരിഹാരത്തിനു പുറമേയാണിത്. യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള 24 മണിക്കൂറിനിടെ ടിക്കറ്റ് റദ്ദായ എല്ലാവര്‍ക്കും ടിക്കറ്റ് റീഫണ്ടിനു പുറമേ വിമാനത്തിന്റെ യാത്രാദൈര്‍ഘ്യം അനുസരിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരവും ലഭിക്കും.
വ്യോമപ്രതിസന്ധിക്കു പിന്നാലെ ഇന്‍ഡിഗോയ്ക്കു മേല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പിടിമുറുക്കിയിരുന്നു. മേല്‍നോട്ടത്തിനായി ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പറേറ്റ് ഓഫിസില്‍ 4 ഉന്നത ഉദ്യോഗസ്ഥരെ ഡിജിസിഎ നിയോഗിച്ചു. മേല്‍നോട്ടത്തിനായി എട്ടംഗ മേല്‍നോട്ട സമിതിയെയാണ് ഡിജിസിഎ രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ 2 പേര്‍ ഇന്‍ഡിഗോ ഓഫിസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനു പുറമേ, എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫിസില്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ന് 1,950 സര്‍വീസുകള്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.



