കേരളം

ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂരില്‍

തിരുവനന്തപുരം : കേരളത്തെ വ്യാവസായിക രംഗത്തെ ഇലക്ട്രോണിക് ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ കെല്‍ട്രോണിന് മുഖ്യ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം കണ്ണൂര്‍ കെല്‍ട്രോണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെല്‍ട്രോണിലാണ് കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. 42 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയാക്കിയത്. ഐസ്ആര്‍ഒ യുടെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കിയ ഈ പ്ലാന്റിലൂടെ പ്രതിദിനം 2000 സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉല്‍പാദിക്കാനാവും .

ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിവുള്ളവയാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍. ബാറ്ററികളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ചാര്‍ജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സാധിക്കും. നാല് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുള്‍പ്പെടെ 11ല്‍ പരം മെഷിനറികളും ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു.

നാലാം വര്‍ഷത്തോടെ 22 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാര്‍ഷിക ലാഭവും പ്രതീക്ഷിക്കുന്നു. ലോകനിലവാരത്തിലുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമുള്‍പ്പെടെ വിതരണം ചെയ്യാന്‍ സാധിക്കുന്നതാണ്. ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button