രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്ന് മുതല്‍
കൊല്ലം : രാജ്യത്തെ ആദ്യത്തെ 24×7 ഓണ്‍ലൈന്‍ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവര്‍ത്തനം തുടങ്ങും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.
ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. ദിവസവും 24 മണിക്കൂറും കേസ് ഫയല്‍ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി കേസുകള്‍ ഫയല്‍ ഫയല്‍ ചെയ്യാനാകും. പേപ്പറില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓണ്‍ലൈനായി സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യേണ്ടത്.
കക്ഷികളോ അഭിഭാഷകരോ കോടതിയില്‍ ഹാജരാകേണ്ടതില്ല. കേസിന്റെ വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായാണ് നടക്കുക. കേസിലെ പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് ഓണ്‍ലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യക്കാര്‍ക്കും ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രം മതി. കോടതിയില്‍ അടയ്‌ക്കേണ്ട ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും നേരിട്ട് കോടതിനടപടികളില്‍ പങ്കെടുക്കാം. കേസിന്റെ നടപടികള്‍ ആര്‍ക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.