ചുഴലിക്കാറ്റും കനത്തമഴയും : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി
ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ബാർബഡോസിൽ കുടുങ്ങി . കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം പ്രതിസന്ധിയിലായത്. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍. ടീം ഇന്ത്യ തിങ്കളാഴ്ച ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലെത്തി പിന്നീട് ഇന്ത്യയിലേക്ക് പറക്കേണ്ടതായിരുന്നു, എന്നാൽ മോശം കാലാവസ്ഥ കാരണം ഇത് നടന്നില്ല.
ബാർബഡോസിൽ ബെറിൽ ചുഴലിക്കാറ്റ് ഇന്ന് വീശിയടിക്കും. കാലാവസ്ഥ അനുകൂലമായി മാറിയാല്‍ ഇന്നോ അല്ലെങ്കില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ്മയും സംഘവും നാട്ടിലേക്ക് മടങ്ങും. നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പെത്തിയതിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിരിക്കുകയാണ്. കപ്പുമായി നാട്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമൊരുക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്നാണ് വിവരം. താരങ്ങളെ മടക്കിക്കൊണ്ടുവരാൻ ബിസിസിഐ ചാർട്ടേർഡ് വിമാനം അയക്കും. ബാർബഡോസിൽ കാറ്റഗറി 4 ബെറിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതേസമയം ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് വമ്പൻ പാരിതോഷികം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.