ഫെഡറൽ ഏജന്റായി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. 78 വയസുള്ള സ്ത്രീയിൽ നിന്നാണ് 21 കാരനായ കിഷൻ കുമാർ സിംഗ് എന്ന വിദ്യാർത്ഥി പണം തട്ടാൻ ശ്രമിച്ചത്. നോർത്ത് കരോലിനയിലെ ഗിൽഫോർഡ് കൗണ്ടിയിൽ നിന്നാണ് കിഷൻ അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
ബാങ്കിലെ പണം സുരക്ഷിതമല്ലെന്ന് പറഞ്ഞയിരുന്നു തട്ടിപ്പ് ശ്രമം. പണം സുരക്ഷിതമാക്കാൻ ബാങ്കിൽ നിന്ന് വലിയൊരു തുക പിൻവലിക്കാൻ കിഷൻ ഇരയിൽ സമ്മർദ്ദം ചെലുത്തിയെന്ന് ഗിൽഫോർഡ് കൗണ്ടി ഷെരീഫ് ഓഫീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഫെഡറൽ ഏജന്റായി എത്തിയപ്പോഴാണ് കിഷൻ അറസ്റ്റിലായത്. പ്രായമായ ഒരാളെ ചൂഷണം ചെയ്തതും തെറ്റായ വിവരങ്ങളിലൂടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതും അടക്കമുള്ള കുറ്റങ്ങൾ വിദ്യാർത്ഥിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇപ്പോൾ ഗിൽഫോർഡ് കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് കിഷൻ.
2024 മുതൽ കിഷൻ ഒഹായോയിലെ സിൻസിനാറ്റിക്ക് സമീപം വിദ്യാർത്ഥി വിസയിൽ താമസിക്കുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞ് നഴ്‌സിംഗ് ഹോമുകളിലെയും വൃദ്ധസദനങ്ങളിലെയും മുതിർന്ന പൗരന്മാരിൽ നിന്ന് പണം തട്ടുന്ന തട്ടിപ്പുകൾ വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസം, യുഎസിൽ സ്റ്റുഡന്റ് വിസയിലായിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാരെ ഒരു വൃദ്ധനെ വഞ്ചിച്ചതിന് അറസ്റ്റ് ചെയ്യുകയും മോഷണക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.