അന്തർദേശീയം

യുഎസിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ചനിലയില്‍

വാഷിങ്ടണ്‍ ഡിസി : ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലാഗഡ്ഡ(23)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ഒപ്പംതാമസിക്കുന്നവരാണ് രാജ്യലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടത്. ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ രാജ്യലക്ഷ്മിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നുദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം പറയുകയുംചെയ്തിരുന്നു. അതേസമയം, വിദ്യാര്‍ഥിനിയുടെ മരണകാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്തതയില്ല.

ടെക്‌സാസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ എംഎസ് കമ്പ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ഥിനിയായിരുന്ന രാജ്യലക്ഷ്മി അടുത്തിടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് യുഎസില്‍ തന്നെ ജോലിക്കായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ആന്ധ്രയിലെ കര്‍ഷക കുടുംബാംഗമായ രാജ്യലക്ഷ്മി, വിജയവാഡയിലെ കോളേജില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയശേഷം 2023-ലാണ് ഉന്നതപഠനത്തിനായി യുഎസിലേക്ക് പോയത്. യുഎസിലെ പഠനം പൂര്‍ത്തിയാക്കി മികച്ച ജോലിയില്‍ പ്രവേശിക്കാനും ഇതിലൂടെ കുടുംബത്തിന് താങ്ങാകാനുമായിരുന്നു രാജ്യലക്ഷ്മിയുടെ ആഗ്രഹം. എന്നാല്‍, രാജ്യലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണംപോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബമെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാജ്യലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും വിദ്യാര്‍ഥിനിയുടെ വിദ്യാഭ്യാസവായ്പ ബാധ്യതകള്‍ തീര്‍ക്കാനും ബന്ധുവായ ചൈതന്യയുടെ നേതൃത്വത്തില്‍ ‘ഗോഫണ്ട്മീ’ കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button