ഹീത്രു വിമാനത്താവളത്തിലെ ഇന്ത്യൻ ജീവനക്കാർക്ക് ഇംഗ്ലീഷ് അറിയില്ല, എല്ലാവരെയും നാടുകടത്തുക; പരിഹസിച്ച് ബ്രിട്ടീഷ് വനിത

ലണ്ടൻ : ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന് ഇന്ത്യൻ, ഏഷ്യൻ ജീവനക്കാരെ പരിഹസിച്ച് ബ്രിട്ടീഷ് വനിത. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് സംഭവം. ലൂസി വൈറ്റ് എന്ന സ്ത്രീയുടെതാണ് അധിക്ഷേപം. ജീവനക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള ലൂസിയുടെ പോസ്റ്റ് വ്യാപക വിമര്‍ശങ്ങൾക്ക് കാരണമായി.
താൻ ഹീത്രു വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരോ ഏഷ്യക്കാരോ ആണെന്ന് ലൂസി എക്സിൽ കുറിച്ചു. ഒരു വാക്ക് പോലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തവര്‍ എന്നായിരുന്നു ബ്രിട്ടീഷ് വനിതയുടെ പരിഹാസം.
ലൂസിയുടെ എക്സിലെ പോസ്റ്റ് :-
ലണ്ടൻ ഹീത്രൂവിൽ എത്തിയതേയുള്ളൂ. ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്/ഏഷ്യക്കാരാണ്, അവർക്ക് ഇംഗ്ലീഷ് ഒരു വാക്കുപോലും സംസാരിക്കാൻ അറിയില്ല. ഞാൻ അവരോട് ഇംഗ്ലീഷിൽ സംസാരിക്കൂ എന്ന് പറഞ്ഞു. നിങ്ങളൊരു വംശീയവാദിയാണെന്നായിരുന്നു അവരുടെ മറുപടി. ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം, അതുകൊണ്ട് അവർ വംശീയ കാർഡ് ഉപയോഗിക്കണം. അവരെയെല്ലാം നാടുകടത്തുക. യുകെയിലേക്കുള്ള ആദ്യ പ്രവേശന കവാടത്തിൽ അവർ എന്തിനാണ് ജോലി ചെയ്യുന്നത്?! വിനോദസഞ്ചാരികൾ എന്താണ് ചിന്തിക്കേണ്ടത്?
തിങ്കളാഴ്ച പങ്കുവച്ച പോസ്റ്റ് നിരവധി പേരുടെ വിമര്‍ശനത്തിനിടയാക്കി. വൈറലായ പോസ്റ്റ് പെട്ടെന്ന് തന്നെ ഓൺലൈനിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു.ലൂസി വംശീയവാദി തന്നെയാണെന്നായിരുന്നു ഭൂരിഭാഗം പേരുടെയും കമന്‍റ്. “ഞാൻ അവസാനമായി ഹീത്രുവിലൂടെ പോയപ്പോൾ, ഒരു ഇംഗ്ലീഷുകാരനെ കണ്ടുമുട്ടാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു. വിമാനത്താവളത്തിലെ എല്ലാവരും ദക്ഷിണേഷ്യക്കാരോ ആഫ്രിക്കക്കാരോ ആയിരുന്നു. ഊബർ ഡ്രൈവർ റൊമാനിയൻ ആയിരുന്നു.” എന്നാണ് പ്രൊഫ. ട്വാട്ടർ എന്ന ഉപയോക്താവ് കുറിച്ചത്. “അപ്പോൾ അവർ നിങ്ങളോട് വംശീയവാദിയാണെന്ന് ഇംഗ്ലീഷിൽ പറഞ്ഞത് ശരിയാണോ?” എന്ന് വേറൊൾ ചോദിച്ചു.