യുഎസിൽ ഇന്ത്യൻ വംശജനായ മോട്ടൽ ഉടമ വെടിയേറ്റ് മരിച്ചു

ന്യൂയോർക്ക് : യുഎസിലെ പിറ്റ്സ്ബർഗിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രാകേഷ് എഹാഗബാൻ (51) എന്നയാളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വെടിയേറ്റ് മരിച്ചത്. റോബിൻസൺ ടൗൺഷിപ്പിലെ പിറ്റ്സ്ബർഗ് മോട്ടലിലാണ് സംഭവം നടന്നത്. മോട്ടലിന് പുറത്ത് ഒരു വഴക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉടമയായ രാകേഷിന് നേരെ വെടിവെപ്പുണ്ടായത്. ‘നിങ്ങൾക്ക് കുഴപ്പമില്ലല്ലോ, സുഹൃത്തേ?’ എന്ന് രാജേഷ് ചോദിച്ചതിന് പിന്നാലെയാണ് സ്റ്റാൻലി യൂജിൻ വെസ്റ്റ് (37) എന്നയാൾ തലയ്ക്ക് വെടിയുതിർത്തത്. മോട്ടലിലെ സിസിടിവി ക്യാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
വെടിവെക്കുന്നതിന് തൊട്ടുമുമ്പ്, പ്രതിയായ സ്റ്റാൻലി യൂജിൻ വെസ്റ്റ് തന്റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീയേയും മോട്ടൽ പാർക്കിംഗ് ലോട്ടിൽ വെച്ച് കഴുത്തിന് വെടിവെച്ചിരുന്നു. കുട്ടിക്ക് ഒപ്പം കാറിലിരിക്കവേയാണ് വെടിയേറ്റത്. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ ഉണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റിട്ടില്ല. വെടിവെപ്പിന് ശേഷം, പ്രതി സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ കയറി സ്ഥലം വിട്ടു.
തുടർന്ന് പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെ പോലീസിന് നേരെയും വെടിയുതിർത്തു. ഈ ആക്രമണത്തിൽ ഒരു പിറ്റ്സ്ബർഗ് ഡിറ്റക്ടീവിനും വെടിയേൽക്കുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ വെടിവെപ്പിൽ സ്റ്റാൻലി യൂജിൻ വെസ്റ്റിനും പരിക്കേറ്റു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു.