കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു

ഒട്ടാവ : കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജനായ 27-കാരൻ വെടിയേറ്റു മരിച്ചു. സറേയിലെ സള്ളിവൻ ഹൈറ്റ്സിലുള്ള ടൗൺഹൗസ് കോംപ്ലക്സിൽ രാത്രിയിലാണ് സംഭവം. കൊല്ലപ്പെട്ട യുവാവിനെ ജസ്മാൻ സെഖോൺ എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ജസ്മാൻ സെഖോൺ നേരത്തെയും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനാൽ, ഇത് സംഘടിത കുറ്റകൃത്യത്തിന്റെ ഭാഗമായുള്ള ആസൂത്രിത കൊലപാതകമാണെന്നാണ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രാഥമിക നിഗമനം. ഇന്ത്യയിലെ പഞ്ചാബിൽ നിന്നുളള വ്യക്തിയാണ് ജസ്മാൻ സെഖോൺ.
ദൃക്സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, ഒരു കറുത്ത നിറത്തിലുള്ള എസ്യുവി കാറിൽ എത്തിയ സംഘം ജസ്മാനെ പിന്തുടരുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ രണ്ട് പേർ ജസ്മാന് നേരെ വെടിയുതിർത്തു.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വാഹനം കത്തിക്കുന്നത് പതിവാണെന്നും, ഈ വാഹനത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സറേയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ വെടിവെയ്പ്പ് സംഭവമാണിത്.



