അന്തർദേശീയം

ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനുനേരെ ആക്രമണം; ഗുരുതര പരുക്ക്

മെൽബൺ : ഇന്ത്യൻ വംശജനെ ഷോപ്പിങ് കേന്ദ്രത്തിനു പുറത്ത് വച്ച് കൗമാരക്കാരായ ഒരു സംഘം ആക്രമിച്ചു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗരഭിന്റെ തോളിലും പുറത്തും കുത്തേറ്റിട്ടുണ്ട്. നട്ടെല്ലിനും കയ്യിലും ഒന്നിലധികം ഒടിവുകളുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷോപ്പിങ് സെന്ററിലെ ഒരു ഫാർമസിയിൽ നിന്ന് രാത്രി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു സൗരഭ്. ഒരു സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ അഞ്ചുപേർ ആക്രമിക്കുകയായിരുന്നു. നിലത്തു വീഴുന്നതുവരെ ഒരാൾ സൗരഭിനെ അടിച്ചു. മറ്റൊരാൾ കഴുത്തിൽ ആയുധംവച്ചു. സൗരഭ് പ്രതിരോധിച്ചപ്പോൾ ആയുധം ദേഹത്തേക്ക് തുളച്ചു കയറ്റി. ‘ വേദന മാത്രമാണ് ഓർമയുള്ളത്, എന്റെ കൈ മുറിവേറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു’– സൗരഭ് മാധ്യമങ്ങളോട് പറഞ്ഞു. സൗരഭിന്റെ തലയ്ക്കും പരുക്കേറ്റു.

ദൃക്സാക്ഷികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സൗരഭിനെ ആശുപത്രിയിലെത്തിച്ചു. സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കയ്യിലെ ആഴത്തിലുള്ള മുറിവുകൾ തുന്നിച്ചേർത്തു. ആനന്ദ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പൂർവസ്ഥിതിയിലേക്കെത്താന്‍ ഏറെനാളുകള്‍ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗുരുതരമായ പരുക്ക് ഏൽപ്പിക്കുക, കവർച്ച, നിയമവിരുദ്ധമായ ആക്രമണം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ കൗമാരക്കാർക്കെതിരെ ചുമത്തി. രണ്ടുപേർക്ക് ജാമ്യം ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button