വംശീയ ആക്രമണം : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ നഗ്നനാക്കി മര്‍ദിച്ചു

ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ ഡബ്ലിന് സമീപത്തുള്ള ടാലറ്റില്‍ ആണ് നാല്‍പതുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. കുട്ടികളോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആക്രമണത്തിന് മുതിര്‍ന്നത്. എന്നാല്‍, ആക്രമണത്തിന് കാരണം വംശീയ വിദ്വേഷമാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് ടൈംസ് പങ്കുവച്ച റിപ്പോര്‍ട്ടിലും വംശീയ ആക്രമണം എന്ന പരാമര്‍ശമുണ്ട്. ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ജൂലൈ 19 ന് ആയിരുന്നു ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ടാലറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍വച്ചുണ്ടായ ആക്രമണത്തിന് പിന്നില്‍ ഒരു കൂട്ടം ഐറിഷ് യുവാക്കള്‍ ആണെന്നാണ് വിവരം. അക്രമികള്‍ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദിക്കുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്തു. സമീപത്ത് ഉണ്ടായിരുന്നവര്‍ ഇടപെട്ട് ആക്രമണം തടഞ്ഞപ്പോളേക്കും മുഖത്തും കൈകളിലും കാലിലും ഗുരുതരമായി പരുക്കേറ്റ് ചോരയൊലിക്കുന്ന നിലയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുവാവ് കുട്ടികളോട് മോശമായി പെരുമാറിയെന്ന ആരോപണം തെറ്റാണെന്ന് ഐറിഷ് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ രാജ്യത്തെ തീവ്ര വലതുപക്ഷ, കുടിയേറ്റ വിരുദ്ധ നിലപാടുള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരം സംഘങ്ങളുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ ഉള്‍പ്പെടെ ആക്രമണത്തിന്റെ അവകാശവാദം ഏറ്റെടുത്തിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ടാലറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ജൂലൈ 20 ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തെ, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര അപലപിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടാലറ്റ് പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ അടുത്തിടെ ആവര്‍ത്തിച്ച് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ മേഖലയില്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരാണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.