ദോശ വിൽക്കാനായി ജര്‍മനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യൻ യുവാവ്

പാരീസ് : വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി, നല്ല വീട്, ഭക്ഷണം, ആവശ്യത്തിന് ചെലവഴിക്കാൻ ഇഷ്ടം പോലെ പണം..ഏതൊരു യുവാക്കളുടെയും സ്വപ്നം ഇതായിരിക്കും. എന്നാൽ ഇതൊക്കെ കയ്യിലുണ്ടായിരിക്കെ അതൊക്കെ ഉപേക്ഷിച്ച് ദോശ വിൽപനക്ക് ഇറങ്ങിയാലോ? ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കും അതുമല്ലെങ്കിൽ കച്ചവടത്തിൽ പരാജയപ്പെട്ട് വീണ്ടും ജോലി തേടി നടക്കും.
എന്നാൽ ജര്‍മനിയിൽ ഉയര്‍ന്ന ശമ്പളമുള്ള ടെക് ജോലി രാജി വച്ച് ദോശ റസ്റ്റോറന്‍റ് ആരംഭിച്ച ഇന്ത്യാക്കാരനായ മോഹനെ ഭാഗ്യദേവത കടാക്ഷിക്കുക തന്നെ ചെയ്തു. മോഹനും സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ ദോസമ ഇന്ന് പാരീസ്, ലണ്ടൻ, പുനെ എന്നിവിടങ്ങളിലായി പടര്‍ന്നുകിടക്കുന്ന റസ്റ്റോറന്‍റ് ശൃംഖലയാണ്. 2023ലാണ് റസ്റ്റോറന്‍റ് സ്ഥാപിക്കുന്നത്. നിലവിൽ ദോസമയുടെ മാനേജിങ് ഡയറക്ടറാണ് മോഹൻ. സ്കോളര്‍ഷിപ്പോടെയാണ് മോഹൻ പാരീസിൽ പഠിക്കുന്നത്. പഠനം പൂര്‍ത്തിയായ ഉടൻ തന്നെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചു. എന്നാൽ താമസിയാതെ ഈ ജോലി ഉപേക്ഷിച്ച് ദോശ റസ്റ്റോറന്‍റ് തുടങ്ങുകയായിരുന്നു.
ഈ കരിയർ മാറ്റം കേൾക്കുമ്പോൾ രസകരമായി തോന്നുമെങ്കിലും, വാസ്തവത്തിൽ ഈ മാറ്റത്തിലേക്കെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് മോഹൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തുടര്‍ന്ന് താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മടുപ്പിക്കുന്നതും ഉറക്കമില്ലാത്ത രാത്രികളുമായിരുന്നു തന്‍റേതെന്ന് മോഹൻ പറയുന്നു. എന്നാൽ ഉറക്കമിളച്ചതൊന്നും വെറുതെയായില്ല. ഇന്ന് തന്‍റെ റസ്റ്റോറന്‍റിന് ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിൽ ശാഖകളുണ്ടെന്ന് മോഹൻ പറയുന്നു. ഏറ്റവും പുതിയത് തുടങ്ങിയത് പൂനെയിലാണ്. ആരോഗ്യകരവും സ്വാദിഷ്ടവുമായ ദോശയെ ആഗോള തലത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്നും മോഹൻ പറയുന്നു.



