ലഹരിക്കടത്ത് : യുഎസിൽ ഇന്ത്യക്കാരായ ഡ്രൈവർമാർ പിടിയിൽ

വാഷിങ്ടൺ ഡിസി : യുഎസിലെ ഇൻഡ്യാനയിൽ ട്രക്കിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 309 പൗണ്ട് (140 കിലോഗ്രാം) കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ഇന്ത്യക്കാരായ ട്രെക്ക് ഡ്രൈവർമാർ പിടിയിലായി. പതിവു വാഹന പരിശോധനയിലാണ് വൻ ലഹരികടത്തു പിടികൂടിയത്. ജനുവരി നാലിനാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) അറിയിച്ചു.
25 കാരനായ ഗുർപ്രീത് സിങ്ങും 30 വയസ്സുള്ള ജസ്‌വീർ സിങ്ങുമാണ് പിടിയിലായത്. 1.2 ഗ്രാം കൊക്കെയ്ൻ പോലും ഒരാളിൽ മാരകമായ വിപത്തുണ്ടാക്കും. 1,13,000 -ത്തിലധികം അമേരിക്കക്കാരെ കൊല്ലാൻ ശേഷിയുള്ള ലഹരിയാണ് പിടികൂടിയതെന്നാണ് അധികൃതർ അറിയിച്ചത്. ട്രെക്കിന്റെ സ്ലീപ്പർ ബെർത്തിലാണ് ലഹരി ഒളിപ്പിച്ചുകൊണ്ടു വന്നത്. കലിഫോർണിയയിൽ നിന്നുമാണ് ഇരുവരും വാഹനം ഓടിക്കുന്നതിനുള്ള രേഖകൾ സ്വന്തമാക്കിയിട്ടുള്ളത്. പിടിയിലായ രണ്ട് ഇന്ത്യക്കാരിൽ ഒരാൾ 2025 ഇതിനുമുമ്പ് ഡിസംബറിലും അറസ്റ്റിലായിട്ടുണ്ട്. 2023 മാർച്ചിലാണ് ഗുർപ്രീത് സിങ് അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചത്. അന്ന് പിടികൂടിയെങ്കിലും ഇയാളെ വിട്ടയച്ചിരുന്നു. 2017 ലാണ് ജസ്‍വീർ സിങ് അറസ്റ്റിലാവുന്നത്.



