യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർ മരിച്ചു; മക്കളുടെ നില ഗുരുതരം

വാഷിങ്ടൺ ഡിസി : യുഎസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതിമാർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്റ്റ്‌വെയർ എൻജീനിയറുമായ കൃഷ്ണ കിഷോർ(45), ഭാര്യ ആശ(40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ടുമക്കൾക്ക് ഗുരുതരമായ പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
വാഷിങ്ടണിൽവെച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ദമ്പതിമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആന്ധ്രയിലെ പാലക്കൊല്ലു സ്വദേശിയായ കൃഷ്ണ കിഷോറും കുടുംബവും പത്തുദിവസം മുൻപാണ് നാട്ടിൽ അവധിയാഘോഷിച്ച് യുഎസിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചിലവഴിച്ച കുടുംബം ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോയത്. ദുബായിൽവെച്ച് പുതുവത്സരാഘോഷത്തിലും പങ്കെടുത്തു.
ഏറെസന്തോഷത്തോടെ നാട്ടിൽനിന്ന് മടങ്ങിയവരുടെ വിയോഗം ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. യുഎസിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനിലയെക്കുറിച്ചും ബന്ധുക്കൾ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതേസമയം, ദമ്പതിമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്കും ചികിത്സയിലുള്ള കുട്ടികളുടെ സഹായത്തിനും വാഷിങ്ടണിലെ തെലുഗു കൂട്ടായ്മയും തെലുഗു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും രംഗത്തുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



