സഞ്ജു തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 79 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ബംഗ്ലാദേശ്- 127 (19.5), ഇന്ത്യ 132/3 (11.5).
128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേകിന് റണ്ണൗട്ടായി മടങ്ങേണ്ടിവന്നു. ഏഴ് പന്തില്‍ 16 റണ്‍സെടുത്താണ് അഭിഷേകിന്റെ മടക്കം. പിന്നീടെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം തകര്‍ത്തടിച്ചതോടെ ഇന്ത്യ അതിവേഗം മുന്നോട്ടുപോയി. ആറാം ഓവറില്‍ ക്യാപ്റ്റനും മടങ്ങേണ്ടിവന്നു. 14 പന്തില്‍ 29 റണ്‍സെടുത്ത സൂര്യകുമാറിനെ മുസ്തഫിസുര്‍ റഹ്‌മാനാണ് പുറത്താക്കിയത്. ജാകര്‍ അലിക്കായിരുന്നു ക്യാച്ച്.
പകരമെത്തിയ അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കൂട്ടുപിടിച്ച് സഞ്ജു ആക്രമണം തുടര്‍ന്നു. എട്ടാം ഓവറില്‍ സഞ്ജുവും മടങ്ങി. 19 പന്തില്‍ ആറ് ബൗണ്ടറിയടക്കം 29 റണ്‍സ് അടിച്ചെടുത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പവിലിയനിലെത്തിയത്. പിന്നീട് ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ വെടിക്കെട്ടിലൂടെ ഇന്ത്യയെ അതിവേഗം വിജയത്തിലെത്തിച്ചു. 16 പന്തില്‍ പുറത്താവാതെ 35 റണ്‍സുമായി ഹാര്‍ദിക്കും 15 പന്തില്‍ 16 റണ്‍സുമായി നിതീഷ് കുമാറും പുറത്താവാതെ നിന്നു.
ഗ്വാളിയോറില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ 19.5 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ടാക്കിയിരുന്നു. 35 റണ്‍സുമായി പുറത്താകാതെ നിന്ന മെഹിദി ഹസന്‍ മിറാഷ് മാത്രമാണ് ബംഗ്ലാദേശിന് വേണ്ടി അല്‍പ്പമെങ്കിലും പൊരുതിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 25 പന്തില്‍ 27 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ബംഗ്ലാദേശിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ലിറ്റണ്‍ ദാസിനെയും പര്‍വേസ് ഹൊസൈന്‍ ഇമോനെയും തുടക്കത്തിലേ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ആദ്യ ഓവറില്‍ ലിറ്റണ്‍ ദാസിനെ അര്‍ഷ്ദീപ് സിംഗ് മടക്കി. രണ്ട് പന്തില്‍ നിന്നും നാല് റണ്‍സായിരുന്നു ദാസിന്റെ സമ്പാദ്യം. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പര്‍വേസ് ഹൊസൈന്‍ ഇമോനെ ബൗള്‍ഡാക്കി അര്‍ഷ്ദീപ് ബംഗ്ലാദേശിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒന്‍പത് പന്തില്‍ എട്ട് റണ്‍സുമായാണ് ഇമോന്‍ മടങ്ങിയത്. 12 റണ്‍സെടുത്ത തൗഹീദ് ഹൃദോയ്‌യെയും 8 റണ്‍സെടുത്ത ജാകിര്‍ അലിയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. മഹ്‌മുദുള്ളയെ (1) പുറത്താക്കി അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവ് തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി.
27 റണ്‍സുമായി ചെറുത്തുനിന്ന ക്യാപ്റ്റന്‍ ഷാന്റോയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. 11 റണ്‍സ് നേടിയ റിഷാദ് ഹൊസൈനെ പുറത്താക്കി വരുണ്‍ തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കി. ടസ്‌കിന്‍ അഹ്‌മദിനെ (12) അര്‍ഷ്ദീപ് റണ്ണൗട്ടാക്കിയപ്പോള്‍ ഷൊറിഫുള്‍ ഇസ്ലാമിനെ ഹാര്‍ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡാക്കി. മുസ്തഫിസുര്‍ റഹ്‌മാനെ (1) ബൗള്‍ഡാക്കി അര്‍ഷ്ദീപ് ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചു.