മാലദ്വീപ് പ്രസിഡൻറിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്
ന്യൂഡൽഹി : മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ അട്ടിമറിക്കാൻ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്. ഭരണപക്ഷത്തെ എംപിമാർക്ക് കൈക്കൂലി കൊടുത്ത് കളംമാറ്റാൻ ശ്രമിച്ചെന്നാണ് ആരോപണം. രഹസ്യനീക്കം തിരിച്ചറിഞ്ഞ് മുയിസു പ്രതിരോധിച്ചെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ജനുവരിയിലാണ് ഇന്ത്യയുടെ വിദേശ ഇൻറലിജൻസ് ഏജൻസിയായ ‘റോ’യുടെ ഏജൻറ് മാലദ്വീപിലെ പ്രതിപക്ഷ നേതാക്കളെ സമീപിക്കുന്നത്. തുടർന്ന് പ്രസിഡൻറിനെ പുറത്താക്കാൻ പ്രതിപക്ഷ പാർട്ടിയായ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ആറ് മില്യൺ ഡോളർ ഇന്ത്യയിൽനിന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
വാഷിംഗ്ടൺ പോസ്റ്റിന് ലഭിച്ച ‘ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ്’ എന്ന ആഭ്യന്തര രേഖയിൽ, മാലദ്വീപിലെ പ്രതിപക്ഷ രാഷ്ട്രീയക്കാർ മുയിസുവിന്റെ സ്വന്തം പാർട്ടിയിൽ (പീപ്പിൾസ് നാഷണൽ കോൺഗ്രസ്) നിന്നുള്ളവർ ഉൾപ്പെടെ 40 പാർലമെന്റ് അംഗങ്ങൾക്ക് കൈക്കൂലി നൽകാൻ നിർദേശിച്ചതായി വെളിപ്പെടുത്തുന്നുണ്ട്.
വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ മുതിർന്ന ‘റോ’ ഉദ്യോഗസ്ഥനും മുൻ ഇന്ത്യൻ പൊലീസ് സർവീസ് ഉദ്യോഗസ്ഥനുമായ ശിരീഷ് തോറത്ത്, ബിജെപി മുൻ വക്താവായിരുന്ന പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ സാവിയോ റോഡ്രിഗസ് എന്നീ രണ്ട് ഇടനിലക്കാരാണ് മുയിസുവിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ തേടിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അത്തരമൊരു പദ്ധതി നിലവിലുണ്ടെന്ന് തോറാട്ടും റോഡ്രിഗസും വാഷിങ്ടൻ പോസ്റ്റിനോട് സ്ഥിരീകരിച്ചുവെങ്കിലും അവർ ഇന്ത്യൻ സർക്കാരിന് വേണ്ടിയാണോ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടിൽ ഇന്ത്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2023 സെപ്റ്റംബറിലാണ് മുയിസു മാലദ്വീപ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്. ‘ഇന്ത്യ ഔട്ട്’ കാമ്പയിനുമായാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. തുടക്കക്കാലത്ത് അദ്ദേഹത്തിന് ഇന്ത്യാ വിരുദ്ധ നിലപാടുകൾ ആയിരുന്നുവെങ്കിലും പിന്നീട് സൗഹൃദം സ്ഥാപിക്കുകയുണ്ടായി.
സാധാരണ മാലദ്വീപ് പ്രസിഡൻറിെൻറ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്കാണ് ഉണ്ടാകാറ്. എന്നാൽ, മുയിസു ഇന്ത്യ സന്ദർശനം ഒഴിവാക്കുകയും പകരം ജനുവരിയിൽ തുർക്കിയിലേക്കും തുടർന്ന് ചൈനയിലേക്കും യാത്ര ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് ഉപമന്ത്രിമാർ സാമൂഹിക മാധ്യമങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി.
2018നും 2023നും ഇടയിൽ മാലിദ്വീപിൽ അധികാരത്തിലിരുന്ന എംഡിപി ഇന്ത്യയെ ഒരു സൗഹൃദ രാജ്യമായാണ് കണക്കാക്കിയിരുന്നത്. അതേസമയം, മുയിസു ചൈനയുമായി കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതാണ് കണ്ടുവന്നത്. അതേസമയം, അദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ന്യൂഡൽഹി സന്ദർശിക്കുകയും ദ്വീപ് രാജ്യത്തിന്റെ ദുർബലമായ സമ്പദ് വ്യവസ്ഥയെ സഹായിക്കാൻ കറൻസി കൈമാറ്റ കരാറിലടക്കം ഒപ്പിട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ പുനരുജ്ജീവനമുണ്ടായി.