ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതിൽ ഏറ്റവും മുന്നിൽ ഇന്ത്യയെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നതിൽ ഏറ്റവും മുന്നിൽ ഇന്ത്യയെന്ന് റിപ്പോർട്ട്. പ്രതിവർഷം 10.2 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഇന്ത്യ പുറന്തള്ളുന്നത്. പ്രതിവർഷം ഇന്ത്യ ഉത്പ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ 604 താജ്മഹലുകളേക്കാൾ വലുതാണെന്നും പഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യു.കെയിലെ ലീഡ്‌സ് സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ലോകത്ത് കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ പറ്റിയുള്ള ഗുരുതരമായ കണ്ടെത്തലുകളുള്ളത്.
കടലിന്റെ അടിത്തട്ടിലും പർവതങ്ങളുടെ മുകളിലും മനുഷ്യശരീരത്തിന്റെ ഉള്ളിലും വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അപകടകരമായ രീതിയിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 50,000-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഉത്പ്പാദിപ്പിക്കുന്ന മാലിന്യങ്ങളാണ് സംഘം പരിശോധനക്ക് വിധേയമാക്കിയത്.
നൈജീരിയയിലെ ലാഗോസ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന നഗരമെന്ന് മാലിന്യസംരക്ഷണത്തിൽ ഗവേഷകനായ കോസ്റ്റസ് വെലിസ് പറയുന്നു. തൊട്ടടുത്ത നഗരം ന്യൂഡൽഹിയാണ്. ലുവാണ്ട, അംഗോള, പാകിസ്ഥാനിലെ കറാച്ചിയും ഈജിപ്തിലെ അൽ ഖഹിറയുമാണ് പിന്നിൽ.
കണക്കുകൾ പ്രകാരം പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന തൊട്ടടുത്ത രാജ്യങ്ങളേക്കാൾ ഇരട്ടിമാലിന്യമാണ് ഇന്ത്യ ഉത്പ്പാദിപ്പിക്കുന്നത്. പ്രതിവർഷം 10.2 ദശലക്ഷം ടൺ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. മലിനീകരണത്തിൽ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ള രാജ്യങ്ങളായ നൈജീരിയ, ഇന്തോനേഷ്യ എന്നിവയെക്കാൾ ഇരട്ടിയിലധികം മാലിന്യമാണ് ഇന്ത്യ ഉത്പ്പാദിപ്പിക്കുന്നത്. മലിനീകരണത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെടുന്ന ചൈന നാലാം സ്ഥാനത്താണ്. മാലിന്യം നിയന്ത്രിക്കുന്നതിലും വ്യവസ്ഥാപിതമായി സംസ്കരിക്കുന്നതിലും ചൈന കൂടുതൽ ഇടപെടൽ നടത്തുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, റഷ്യ, ബ്രസീൽ എന്നിവയാണ് മലിനീകരണത്തിൽ ചൈനക്ക് പിന്നിലുള്ള രാജ്യങ്ങൾ. ലോകത്ത് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പകുതിയിലേറെയും ഈ എട്ട് രാജ്യങ്ങളുടെ സംഭാവനയാണ്.
52,500 ടണ്ണിലധികം പ്ലാസ്റ്റിക് മലിനീകരണവുമായി യു.എസ് 90-ാം സ്ഥാനത്തും 5,100 ടണ്ണുമായി യു.കെ 135-ാം സ്ഥാനത്തുമാണെന്നാണ് പഠനം പറയുന്നത്. 2022-ൽ, ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ സമുദ്രങ്ങളടക്കമുള്ളവ മലിനീകരിക്കപ്പെടുന്നത് നിയന്ത്രണവിധേയമാക്കാൻ തീരുമാനിച്ചിരുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിന്റെ 57 ശതമാനവും കത്തിക്കുകയോ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നതാണെന്നാണ് കണ്ടെത്തൽ. രണ്ട് രീതിയിലാണെങ്കിലും മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും കടലിൽ അടിഞ്ഞുകൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മത്സ്യങ്ങളടക്കമുള്ള കടൽജീവികളെയും അവരുടെ നിലനിൽപ്പിനെയും ഇത് ഗുരുതരമായി ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിലും ഹൃദയം, തലച്ചോർ, കോശങ്ങൾ എന്നിവയിലെല്ലാം മൈക്രോ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അംശങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇവയുടെ സാന്നിധ്യം മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നത് നമ്മൾ ശ്വസിക്കുന്നതിലും ഭക്ഷിക്കുന്നതിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ വ്യാപകമായുണ്ടാകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഭാവിതലമുറയെ വേട്ടയാടാൻ പോകുന്ന ഗുരുതരമായ പ്രശ്നമായി മൈക്രോ പ്ലാസ്റ്റിക് മാറുമെന്നും അവർ പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും പ്ലാസ്റ്റിക് വ്യവസായത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ലോകം ഗൗരവപരമായി ചിന്തിക്കണമെന്നും പഠനം മുന്നോട്ട് വെക്കുന്നു.