ഇന്ധനം നിറയ്ക്കാന്‍ കേരളത്തില്‍ ഇറങ്ങിയത് ലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍
തിരുവനന്തപുരം:ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റും ഇറങ്ങാന്‍ സൗകര്യമൊരുക്കിയതിന് കേരളത്തിലെ വിമാനത്താവളങ്ങളെ അഭിനന്ദിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിര്‍ണായക സമയത്ത് പ്രതിസന്ധിയിലായ രാജ്യത്തെ സഹായിക്കാന്‍ തയ്യാറായ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് മന്ത്രി പ്രശംസിച്ചത്..
ശ്രീലങ്കയിലേക്കുള്ള 120 ലധികം വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിങ് അനുവദിച്ചതിലൂടെ രണ്ടു വിമാനത്താവളങ്ങളും തങ്ങളുടെ കടമകള്‍ക്കപ്പുറത്തേക്ക് പോയെന്ന് സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു. ‘ശ്രീലങ്കയിലേക്ക് പോകുന്ന 120ലധിം വിമാനങ്ങള്‍ക്ക് സാങ്കേതിക ലാന്‍ഡിംഗ് അനുവദിച്ചുകൊണ്ട് വിമാനത്താവളങ്ങള്‍ അവരുടെ ചുമതലക്ക് അപ്പുറം പോയി. നമ്മുടെ അയല്‍ക്കാരുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നടപടികള്‍ വളരെയധികം സഹായിക്കും’ മന്ത്രി ട്വീറ്റ് ചെയ്തു.
കൊച്ചി, തിരുവനന്തുപരം വിമാനത്താവളങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനടക്കമാണ് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിലിറക്കുന്നത്. ഫെബ്രുവരി മുതല്‍ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുകയാണ് ശ്രീലങ്ക.