സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു : വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചു. ദമാസ്‌കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ചേർന്നാണ് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളിൽ ഇവർ ഇന്ത്യയിലേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
സിറിയയിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർ ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +963 993385973. അതേസമയം പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതർ, മുഹമ്മദ് അൽ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാർച്ച് ഒന്നു വരെയാണ് അൽ ബഷീറിന്റെ കാലാവധി.
വിമതർക്കു നേതൃത്വം നൽകുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്ടിഎസ്) നിയന്ത്രണത്തിൽ ഇഡ്‌ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൽ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയൊന്നുകാരനായ അൽ ബഷീർ. എൻജീനിയറായ ഇദ്ദേഹത്തിന് ഇഡ്‌ലിബ് സർവകലാശാലയിൽ നിന്ന് ശരിയത്ത് നിയമത്തിൽ ബിരുദമുണ്ട്.