ദേശീയം

ഒരേദിവസങ്ങളിൽ അറബിക്കടലിൽ നാവികാഭ്യാസത്തിനായി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡല്‍ഹി : ഇന്നും നാളെയും അറബിക്കടലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും നാവികസേനകള്‍ അഭ്യാസങ്ങള്‍ നടത്തും. ഇന്ത്യന്‍ നാവികസേന ഗുജറാത്തിലെ പോര്‍ബന്ദര്‍, ഓഖ തീരങ്ങളില്‍ അഭ്യാസങ്ങള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ നാവികസേന ഇതേ തീയതികളില്‍ അവരുടെ പ്രാദേശിക ജലാതിര്‍ത്തിയിലും അഭ്യാസം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇത്തരം അഭ്യാസങ്ങള്‍ പതിവാണെങ്കിലും ഒരേ ദിവസങ്ങളില്‍ നടത്തുന്നതും അഭ്യാസം നടത്തുന്ന ദൂരപരിധി വളരെ അടുത്താണെന്നതും പ്രതിരോധ ഉദ്യോഗസ്ഥരില്‍ അമ്പരപ്പ് ഉണര്‍ത്തിയിട്ടുണ്ട്. വെറും 60 നോട്ടിക്കല്‍ മൈല്‍ അകലത്തിന്‍റെ വ്യത്യാസത്തിലാണ് പാക്കിസ്ഥാൻ അഭ്യാസം നടത്തുന്നത്. ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സമുദ്ര സുരക്ഷാ താത്പര്യങ്ങള്‍ക്കു നിര്‍ണായകമായ മേഖലയാണ് അറബിക്കടല്‍.

ഇന്ത്യന്‍ നാവികസേനയുടെ അഭ്യാസത്തില്‍ യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള തത്സമയ വെടിവയ്പ്പുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടന്ന വ്യോമാക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഈ അഭ്യാസം നടക്കുന്നത്. മേയ് മാസത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്‍റെ മിസൈല്‍, ഡ്രോണ്‍ ശേഷികള്‍ നിര്‍വീര്യമാക്കുകയും, പ്രധാന പാക്കിസ്ഥാന്‍ നഗരങ്ങളിലെ ഒന്നിലധികം പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിക്കുകയും ഒരു അവാക്‌സ് വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. ഓപ്പറേഷന്‍റെ സമയത്ത് ആറ് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും ഇന്ത്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button