ധൃതിപ്പെട്ട് സർക്കാർ രൂപീകരിക്കാനില്ല, തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണി

ന്യൂഡൽഹി : തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രണ്ടു മണിക്കൂർ യോഗം ചേർന്നാണ് ഇൻഡ്യ മുന്നണി തീരുമാനമെടുത്തത്.
തങ്ങൾ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചു എന്ന് നേരിട്ട് പറയാതെയാണ് ഇന്ത്യ മുന്നണി തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുടെ ഫാഷിസ്റ്റ് ഗവണ്മെന്റിനെതിരെ പോരാട്ടം തുടരുമെന്നാണ് പ്രഖ്യാപനം.രണ്ടുമണിക്കൂർ നീണ്ട ഇൻഡ്യ മുന്നണി യോഗത്തിൽ സർക്കാർ രൂപീകരണ സാധ്യതകൾ ചർച്ച ചെയ്തു. ധൃതിപ്പെട്ട് അത്തരം നീക്കങ്ങളിലേക്ക് പോകേണ്ടതില്ല എന്നാണ് ഒടുവിൽ തീരുമാനിച്ചത്. ബിജെപിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇനിയും സാധ്യതകൾ തുറക്കുമെന്നും യോഗം വിലയിരുത്തി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അടക്കം സഖ്യത്തിലെ 20 കക്ഷികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഇൻഡ്യ സഖ്യത്തിന് വോട്ട് ചെയ്തവർക്ക് യോഗം നന്ദി രേഖപ്പെടുത്തി.