സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടി ഇന്ത്യാ സഖ്യം ; ഖാര്‍ഗെയുടെ വസതിയില്‍ ഇന്ന് യോഗം
എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയു, ടിഡിപി പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും സജീവമാണ്
ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആലോചിച്ച് ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ ഇന്ന് യോഗം ചേരും. എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയു, ടിഡിപി പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങളും സജീവമാണ്.
ഇതിന്റെ ഭാഗമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും ജെഡിയു അധ്യക്ഷന്‍ നിതീഷ്‌കുമാറുമായി ഇന്ത്യാസഖ്യത്തിന്റെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ ചര്‍ച്ചകള്‍ നടത്തി. ഇരുവര്‍ക്കും ഉയര്‍ന്ന പദവികള്‍ വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് സ്വതന്ത്ര പാര്‍ട്ടികളേയും ഇന്ത്യ സഖ്യത്തില്‍ എത്തിക്കാന്‍ നീക്കമുണ്ട്.
സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും സഹകരിക്കും. വിജയത്തില്‍ രാഹുല്‍ ഗാന്ധിയെ മമത അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിന്റെ പേരും മമത മുന്നോട്ടു വെച്ചിട്ടുണ്ട്. 234 സീറ്റു നേടിയ ഇന്ത്യ മുന്നണി ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ കേവല ഭൂരിപക്ഷത്തിന് 272 പേരുടെ പിന്തുണയാണ് വേണ്ടത്.