ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്

ധാക്ക : മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.. മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കിയി തീരുമാനത്തിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
2024ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ക്രിക്കറ്റിലേക്കും പ്രശ്‌നങ്ങള്‍ നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കണമെന്ന ആവശ്യങ്ങള്‍ക്ക് പിന്നാലെ താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തീരുമാനിക്കുകയായിരുന്നു. ഇതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു.



