കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ഇ ഡി നോട്ടീസ്
ഹൈക്കോടതിയെ സമീപിച്ച് സിപിഎമും സിപിഐയും
ന്യൂഡല്‍ഹി : കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് നടപടി.
22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു. നേരത്തെ സിപിഐക്കും 11 കോടി പിഴയിട്ട് നോട്ടീസ് അയച്ചിരുന്നു. പഴയ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചതിനാണ് ആദായ നികുതി വകുപ്പ് പിഴയിട്ടത്. നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സിപിഐ നീക്കം. വേട്ടയാടലാണ് ആദായനികുതി വകുപ്പ് നോട്ടീസിന് പിന്നിലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.
പുതുതായി 1700 കോടിയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് കൈമാറിയത്. 2017-18 മുതല്‍ 20-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക. ഈ കാലഘട്ടത്തിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ആദായനികുതി നോട്ടീസ് അയച്ചിരുന്നു.