മിസിസിപ്പിയിൽ അതിജാഗ്രത; പരീക്ഷണശാല വാഹനം മറിഞ്ഞ് വൈറസ് ബാധിതരായ കുരങ്ങുകൾ പുറത്തുചാടി

മിസിസിപ്പി : പരീക്ഷണ ശാലയിൽ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകവെ വാഹനം മറിഞ്ഞ് വൈറസ് ബാധിതരായ കുരങ്ങുകൾ പുറത്തുചാടി. യു.എസിലെ മിസിസിപ്പിയിലാണ് സംഭവം. കോവിഡ്, ഹെപ്പറ്റൈറിസ് സി, ഹെർപ്സ് എന്നിങ്ങനെ രോഗങ്ങളുടെ വൈറസുകൾ ബാധിച്ച കുരങ്ങുകൾ പുറത്തുചാടിയതോടെ മേഖലയിൽ അധികൃതർ അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് കുരങ്ങുകളുമായി പോയ ട്രക്ക് ഇന്റർസ്റ്റേറ്റ് 59ൽ അപകടത്തിൽ പെട്ട് മറിഞ്ഞത്. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി വൈറസ് ബാധിതരായിരുന്ന മൂന്ന് റീസസ് മക്കാക്ക് വിഭാഗത്തിൽ പെട്ട കുരങ്ങുകളാണ് പുറത്തുചാടിയത്. ആക്രമണ സ്വഭാവമുള്ള കുരങ്ങുകളെ പിടികൂടാൻ പിന്നാലെ മേഖലയിൽ വലിയ സന്നാഹമാണ് തദ്ദേശീയ ഭരണകൂടം ഒരുക്കിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ, രണ്ടു കുരങ്ങുകളെ വെടിവെച്ച് കൊന്നതായി പൊലീസ് അറിയിച്ചു. അവശേഷിക്കുന്ന ഒന്നിനായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യ, ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലാണ് റീസസ് കുരങ്ങുകൾ കാണപ്പെടുന്നത്. മനുഷ്യന്റെ ശരീരഘടനയോടും രൂപത്തോടും ഏറെ സാദൃശ്യമുള്ളതിനാലും ലഭ്യത കൂടുതലായതിനാലും മരുന്നുപരീക്ഷണങ്ങള്‍ക്ക് റീസസ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലും ഇവയെ ഉപയോഗിച്ചിരുന്നു.
മനുഷ്യരക്തത്തിലെ ആര്‍.എച്ച് ഫാക്ടറിനും റീസസിലെ ആര്‍.എച്ച് ഫാക്ടറിനും ഏറെ സാമ്യമുണ്ട്. ഡി.എന്‍.എയിലാകട്ടെ 93 ശതമാനം സാമ്യതയും. 1949-ല്‍ അമേരിക്ക നടത്തിയ ബഹിരാകാശദൗത്യത്തില്‍ ആദ്യം ഉപയോഗിച്ച സസ്തനി റീസസായിരുന്നു. പാരച്യൂട്ടിലെ അപാകത്തെ തുടര്‍ന്ന് ആ കുരങ്ങ് ചത്തു. 1950-കളിലും 1960-കളിലും യു.എസ് നടത്തിയ ബഹിരാകാശ ദൗത്യങ്ങളില്ലെലാം റീസസായിരുന്നു പരീക്ഷണമൃഗം. 1997-ലെ സോവിയറ്റ്-റഷ്യന്‍ പദ്ധതിയായ ബയോണിലും റീസസിനെയാണ് ബഹിരാകാശത്തേക്ക് അയച്ചത്.



