മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് ജയിലിനുള്ളില്‍ കൊല്ലപ്പെട്ടു എന്ന് സോഷ്യല്‍ മീഡിയയില്‍; വ്യാജ വാര്‍ത്ത സുരക്ഷിതനെന്നും പാക് മാധ്യമങ്ങള്‍

ഇസ്ലാമബാദ് : മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ വധിച്ചു എന്ന തരത്തിലാണ് അഭ്യൂഹം പരന്നത്.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇമ്രാന്‍ സുരക്ഷിതനെന്നും പാക് മാധ്യമങ്ങള്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ട്രോളന്‍മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന ആരോപണവും പാക് മാധ്യമങ്ങള്‍ ഉന്നയിച്ചു.
ജയിലിനുള്ളില്‍ വച്ച് ഐഎസ്‌ഐ ഇമ്രാനെ വിഷം നല്‍കി കൊലപ്പെടുത്തി എന്ന അഭ്യൂഹമാണ് പരന്നത്. വാര്‍ത്ത വ്യാജമാണെന്നു പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അധികൃതരോ, ജയില്‍ അധികാരികളോ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
അതിനിടെ ഔദ്യോഗികമെന്നു അവകാശപ്പെടുന്ന ഒരു പത്രക്കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
‘മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി ഖേദത്തോടെയും ഗൗരവത്തോടെയും ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. നിലവില്‍ അദ്ദേഹത്തിനെതിരെ സമഗ്രമായ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം’- ഇതാണ് പ്രചരിക്കുന്നത്.
ഞെട്ടിക്കുന്ന സംഭവമാണിത്. സഹാചര്യത്തിന്റെ ഗൗരവം അംഗീകരിക്കുന്നു. ദാരുണ സംഭവത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു സുതാര്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറിപ്പിലുണ്ട്.