പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം : പരിക്കേറ്റ വ്യോമസേന ഇന്‍സ്ട്രക്ടര്‍ മരിച്ചു

ന്യൂഡല്‍ഹി : പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യോമസേനാ പരിശീലകന്‍ മരിച്ചു. വ്യോമസേനയുടെ ആകാശ് ഗംഗ സ്‌കൈ ഡൈവിങ് ടീമിലെ പാരാജമ്പ് ഇന്‍സ്ട്രക്ടര്‍ കര്‍ണാടക സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ശനിയാഴ്ച ആഗ്രയില്‍ നടന്ന ‘ഡെമോ ഡ്രോപ്പ്’ പരിശീലന സമയത്താണ് പാരച്യൂട്ട് തകരാറിലായി വ്യോമസേനാ പരിശീലകന്‍ അപകടത്തില്‍പ്പെട്ടത്. വാറന്റ് ഓഫീസര്‍ മഞ്ജുനാഥും ട്രെയിനികളും അടക്കം 12 പേരാണ് വ്യോമസേന വിമാനത്തില്‍ നിന്ന് ഡൈവ് ചെയ്തത്. ഇതില്‍ 11 പേരും സേഫായി ലാന്റ് ചെയ്തു.
മഞ്ജുനാഥിന്റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജുനാഥിന്റെ മരണത്തില്‍ വ്യോമസേന അനുശോചിച്ചു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ അപകടത്തില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് രണ്ടാമത്തെ ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെടുന്നത്.