‘ഞാൻ ഇന്ത്യയുടേയും പാകിസ്ഥാന്റേയും അടുത്തയാൾ’- സംഘർഷത്തിൽ ഇടപെടില്ലെന്ന് ട്രംപ്

വാഷിങ്ടൻ ഡിസി : ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യം നിലനിൽക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും ചേർന്നു പ്രശ്നം പരിഹരിക്കും. ഇന്ത്യയും പാകിസ്ഥാനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു.
‘ഇന്ത്യയുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാന്റേയും അടുത്ത ആളാണ് ഞാൻ. കശ്മീരിൽ വർഷങ്ങളായി ഇരു രാജ്യങ്ങളും പോരാടുന്നുണ്ട്. ആ അതിർത്തിയിൽ 1,500 വർഷമായി സംഘർഷം നിലനിൽക്കുന്നു. അവർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അതു പരിഹരിക്കുമെന്നു എനിക്കുറപ്പുണ്ട്. രണ്ട് നേതാക്കളേയും എനിക്കറിയാം. ഇരു രാജ്യങ്ങളും തമ്മിൽ എക്കാലത്തും വലിയ സംഘർഷമുണ്ടായിട്ടുണ്ട്’- ട്രംപ് വ്യക്തമാക്കി.
ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണം നടത്തിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിൽ ഇന്ത്യക്കു പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു.