അലാസ്കയിൽ നാശം വിതച്ച് ഹലോങ് ചുഴലിക്കാറ്റ്; നൂറിലധികം പേരെ എയർലിഫ്റ്റ് ചെയ്തു

ജുന്യൂ : അലാസ്കയിലെ തീരദേശ ഗ്രാമങ്ങളിൽ നാശം വിതച്ച് ഹലോങ് ചുഴലിക്കാറ്റ്. വിവിധയിടങ്ങളിൽ നിന്നായി നൂറിലധികം ആളുകളെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ വാരാന്ത്യത്തിൽ ആഞ്ഞടിച്ച ഹലോങ് ചുഴലിക്കാറ്റിനെത്തുടർന്ന് വെള്ളത്തിനടിയിലായ അലാസ്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ ഗ്രാമങ്ങളിൽ നിന്നാണ് നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കുന്നത്. അലാസ്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമസേനാ നീക്കങ്ങളിലൊന്നാണ് ഇതെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ ബുധനാഴ്ച പറഞ്ഞു.
തീരദേശ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഉയരത്തിൽ തിരമാലകളുണ്ടായി. വീടുകൾ ഒഴുകിപ്പോയി. 1,500 താമസക്കാരെ ഇതുവരെ താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചു. രണ്ട് ഗ്രാമങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിപ്പിക്കൽ ആവശ്യമാണെന്ന് അധികൃതർ തീരുമാനിച്ചതായി കമാൻഡർ മാർക്ക് റോബർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. റോഡുകളും ആശയവിനിമയ മാർഗങ്ങളും തകർന്നു. കാലാവസ്ഥ പ്രതികൂലമായത് വിമാന സർവീസുകളെയും ബാധിച്ചു. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 107 മൈൽ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.
ബോട്ടിലൂടെയും ചെറു വിമാനത്തിലൂടെയും മാത്രം എത്തിച്ചേരാനാകുന്ന പടിഞ്ഞാറൻ തീരദേശ മേഖലയെയും – കുസ്കോക്വിം ഡെൽറ്റ സമൂഹങ്ങളെയും – ബെറിംഗ് കടലിനടുത്തുള്ള ഗ്രാമങ്ങളെയുമാണ് കൊടുങ്കാറ്റ് ഏറെ ബാധിച്ചത്. വൈദ്യുതി തടസപ്പെട്ടു. കിപ്നുക്, ക്വിഗില്ലിംഗോക്ക് ഗ്രാമങ്ങൾ പൂർണമായി തകർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അലാസ്കയിൽ കൊടുങ്കാറ്റ് നാശം വിതച്ചതോടെ കൊടുങ്കാറ്റിന്റെ കെടുതികൾ നേരിടാൻ തയ്യാറെടുക്കുന്നതിനോ അവയുടെ ദുരന്തസാധ്യതകൾ ലഘൂകരിക്കുന്നതിനോ ലക്ഷ്യമിട്ടുള്ള ഫെഡറൽ ഗ്രാന്റുകൾ വെട്ടിക്കുറച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി വീണ്ടും ചർച്ചയായി.