യൂറോപ്യൻ യൂണിയൻ വാർത്തകൾ

തുർക്കിയയിൽ വൻ കാട്ടുതീ​; 24 അഗ്നിരക്ഷ പ്രവർത്തകർ കാട്ടുതീയിലകപ്പെട്ടു

ഇസ്തംബൂൾ : തുർക്കിയയിലെ വടക്കുകിഴക്കൻ പ്രദേശമായ എക്സീർ പ്രവിശ്യയിലാണ് കാട്ടുതീ പടരുന്നത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും വീശിയടിക്കുന്ന കാറ്റും കാട്ടുതീ പടരാൻ കാരണമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തി​​​ന്റെ കിഴക്കൻ മേഖലയിലേക്കും തീപടരുന്നതായാണ് റിപ്പോർട്ട്.

ബുധനാഴ്ച രാവിലെയുണ്ടായ കാട്ടുതീയിൽ 24 അഗ്നിശമന സേനാംഗങ്ങൾ കാട്ടുതീയിലകപ്പെട്ടപ്പോൾ, തീ അണക്കാൻ ശ്രമിച്ച അഞ്ച് വനപാലകരും അഞ്ച് രക്ഷാപ്രവർത്തകരും മരിച്ചതായി തുർക്കിയ കൃഷി, വനം മന്ത്രി ഇബ്രാഹിം യുമാക്‌ലി പറഞ്ഞു.തീ അണക്കാൻ ശ്രമിക്കുന്നതിനിടെ കാറ്റിന്റെ ഗതിമാറ്റത്തിൽ തീ ഉയരുകയും പത്തോളം അഗ്നിശമന സേനാംഗങ്ങൾ അതിനുള്ളിലകപ്പെട്ടു. അടിയന്തരമായി ആശുപ​ത്രികളിലെത്തിച്ചെങ്കിലും തീപൊള്ളലേറ്റ പത്ത് സേനാംഗങ്ങൾ മരിച്ചു.

ഇസ്തംബൂളിനും തലസ്ഥാനമായ അങ്കാറയ്ക്കും ഇടയിൽ ഉയർന്ന താപനിലയും ശക്തമായ കാറ്റും മൂലം ഞായറാഴ്ച മുതൽ തുർക്കിയയിൽ കൊടും ചൂട് അനുഭവപ്പെടുന്നു. വീടുകൾക്ക് ഭീഷണിയായ തീപിടിത്തം നിരവധി ഗ്രാമങ്ങളെ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കി. അടുത്ത ദിവസം മുതൽ കടുത്തചൂടും ശക്തമായ കാറ്റും തുടരാൻ സാധ്യതയുള്ളതായി മന്ത്രി യുമാക്‌ലി ജനങ്ങളെ അറിയിച്ചു.

നമ്മ​​ളെയും നമ്മുടെ വനങ്ങ​ളെയും സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുംവേണ്ടി പ്രാർഥിക്കുന്നതായി തുർക്കിയ പ്രസിഡന്റ് യെർദോഗൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഈ മാസം ആദ്യം ഇസ്മിർ പ്രവിശ്യയിലെ ഒഡെമിസ് പട്ടണത്തിന് സമീപം ഉണ്ടായ കാട്ടുതീയിൽ ഒരു വൃദ്ധനും രണ്ട് വനപാലകരും മരിച്ചിരുന്നു.

രണ്ടുവർഷം മുമ്പ് തുർക്കിയയുടെ തെക്കു പടിഞ്ഞാറൻ പട്ടണമായ ഹതേയിയടക്കം തുർക്കിയയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഭൂമികുലുക്കമേൽപിച്ച ആഘാതത്തിൽനിന്ന് പുതുവഴികൾ തേടുമ്പോഴാണ് കാട്ടുതീയുടെ രൂപത്തിൽ രാജ്യം അടുത്ത പ്രകൃതി ദുരന്തത്തെ നേരിടുന്നത്. ജൂണിൽ ആരംഭിച്ച ​കടുത്ത വേനലിൽ രാജ്യം ഉരുകുകയാണ്. കാട്ടുതീയുടെ തുടക്കത്തിൽ മൂന്നുപേർ വെന്തുമരിക്കുകയും അമ്പതിനായിരത്തോളം പേരെ മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button